മുഖ്യമന്ത്രിയുടെ തീരുമാനം തെറ്റിയോ..? കോവിഡ് പ്രതിരോധത്തിന്റെ ചുമതലകള്‍ പോലീസിന് കൈമാറുന്നതിനെതിരേ ആരോഗ്യ സംഘടനകള്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ചുമതലകള്‍ പോലീസിന് കൈമാറുന്നതായി മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനെതിരെ ആരോഗ്യമേഖലയിലെ വിവിധ സംഘടനകള്‍ രംഗത്ത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെയുളള ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കെ.ജി.എം.ഒ പറഞ്ഞു.

ആരോഗ്യവിഷയത്തില്‍ പരിശീലനം നേടിയവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. ക്വാറന്റീനിലുളള ആളുകളുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാനും മാത്രമേ പോലീസിനെ ഏല്‍പ്പിക്കേണ്ടതുളളൂ. ആരോഗ്യപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ വിട്ടുനല്‍കണമെന്നാണ് കെജിഎംഒ ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയും ചെയ്തു.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യൂണിയനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോഗ്യവകുപ്പിന്റെ ചുമതല പോലീസിനെ ഏല്‍പ്പിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെ ആരോഗ്യവകുപ്പിന്റെ ജോലികള്‍ പോലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഐഎംഎ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ ജോലി അവരെ തന്നെ തിരികെ ഏല്‍പ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലീസിന് കൂടുതല്‍ ചുമതല നല്‍കുകയാണെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ഈ തീരുമാനം പിന്‍വച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പോലീസിന് കൂടുതല്‍ ചുമതല നല്‍കാനുളള തീരുമാനം മുഖ്യമന്ത്രിയെടുത്തത് വിദഗ്ധ സമിതി അറിയാതെയാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം കണ്ണൂരില്‍ പോലീസിന് വേണ്ടി കോവിഡ് വിവരങ്ങള്‍ ശേഖരിക്കാനും നിയമലംഘനം അറിയിക്കാനും അധ്യാപകരേയും നിയോഗിച്ചു. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

pathram:
Related Post
Leave a Comment