അമിത് ഷാ ഐസൊലേഷനിലാണെന്ന് കരുതി സമാധാനിക്കേണ്ട; മുന്നറിയിപ്പുമായി ശിവസേന

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കാത്തതിനാൽ ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്ര നിർമാണത്തിന്റെ മുന്നോടിയായുളള ഭൂമിപൂജയുടെ തിളക്കം കുറയുമെന്ന് ശിവസേന മുഖപത്രം സാമ്ന. ഞായറാഴ്ചയാണ് അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. അമിത് ഷാ വേഗത്തിൽ രോഗമുക്തി നേടുന്നതിന് വേണ്ടി പ്രാർഥിക്കുന്നതായും സാമ്നയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.

അമിത്ഷാ ഐസൊലേഷനിലാണെന്ന് കരുതി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് സന്തോഷിക്കേണ്ടതില്ലെന്നും ശിവസേന ഗെഹ്ലോത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. എവിടെ ഇരുന്നായാലും രാഷ്ട്രീയകാര്യങ്ങൾ നടപ്പാക്കുന്ന വ്യക്തിയാണ് അമിത് ഷാ, മുഖപ്രസംഗത്തിൽ പറയുന്നു.

ഭൂമിപൂജ ചടങ്ങുകൾ വീക്ഷിക്കുന്നത് രാജ്യത്തെ മുഴുവൻ ആവേശത്തിലാഴ്ത്തും. പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവഹിക്കുന്നതുപോലെയുളള മറ്റൊരു സുവർണനിമിഷം ഇല്ല. കോറൊണ വൈറസ് വ്യാപിക്കുകയാണ്. അത് അയോധ്യയിലും ഉത്തർപ്രദേശിലും രാജ്യം മുഴുവനും വ്യാപിച്ചിട്ടുണ്ട്. രാമന്റെ അനുഗ്രഹത്താൽ ഈ പ്രതിസന്ധി മാഞ്ഞുപോകും. പ്രധാനമന്ത്രി, ആർഎസ്എസ് അധ്യക്ഷൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പടെയുളള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്, എന്നാൽ അമിത് ഷായില്ലാത്തതിനാൽ ചടങ്ങിന് തിളക്കം കുറവായിരിക്കും.

കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നടന്ന പൊതുപരിപാടിയിൽ അമിത് ഷാ പങ്കെടുത്തിരിന്നു. സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭായോഗത്തിലും പങ്കെടുത്തിരുന്നു. താനുമായി സമ്പർക്കത്തിൽ വന്നവർ ക്വാറന്റീനിൽ പ്രവേശിക്കണെന്നും കോവിഡ് 19 പരിശോധിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണെങ്കിൽ കേന്ദ്ര മന്ത്രിസഭ മുഴുവനായും ഐസൊലേഷനിൽ പോകേണ്ടതുണ്ട്. മന്ത്രിസഭയിലെ രണ്ടാമനായതിനാൽ പ്രധാനമന്ത്രിയുമായി അടുത്തിടപഴകേണ്ടി വരുന്ന ആളാണ് അമിത് ഷാ. എന്നാൽ രാമന്റെ അനുഗ്രഹമുളളതിനാൽ അമിത് ഷായ്ക്കും പ്രധാനമന്ത്രിയ്ക്കും ഒന്നും സംഭവിക്കില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അമിത് ഷാ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നുളള രാഹുൽ ഗാന്ധിയുടെ ആശംസകളും പ്രധാനമാണ്. ലേഖനം പറയുന്നു.

pathram desk 2:
Related Post
Leave a Comment