ഇത് ചെറുത്…; വെറും നികുതി തട്ടിപ്പ് മാത്രം; യുഎപിഎ ചുമത്താൻ ആവില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ; കേസ് ഡയറി ഹാജരാക്കി എൻഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതി. കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടെ ചോദ്യം. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കി. അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയാണ് കേസ് ഡയറി ഹാജരാക്കിയത്.

കേസില്‍ എന്‍ഐഎയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് കോടതിയില്‍ ഹാജരായത്. ഇദ്ദേഹം കേരള ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനാണ്.

കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ച് കേസിന്റെ തീവ്രവാദ ബന്ധം തെളിയിക്കാനാണ് എന്‍ഐഎ കോടതിയില്‍ ശ്രമിക്കുക. കേസിന്റെ തീവ്രവാദ ബന്ധങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങള്‍ കേസ് ഡയറിയില്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിക്കുന്നത്. ഇതിലെ തീവ്രവാദ ബന്ധം ഇതുവരെ വെളിച്ചത്തുവന്നിട്ടില്ല. ജൂലൈ അഞ്ചിനാണ് സ്വര്‍ണം പിടികൂടുന്നത്. ഒമ്പതാം തിയതി കേസ് എന്‍ഐഎക്ക് കൈമാറി. ഈ സമയത്തിനിടയില്‍ എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ചോദിച്ചു. ഇത് വെറുമൊരു നികുതി വെട്ടിപ്പുമാത്രമാണെന്നും സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ വാദിച്ചു.

സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ വിശദമായ വാദം നടക്കുകയാണ്. കേസ് ഡയറിയടക്കം പരിശോധിച്ചതിന് ശേഷമാകും ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.

ഒരുപ്രതിയുടെ റിമാന്‍ഡ് കാലാവധി നീട്ടുമ്പോഴും കസ്റ്റഡി നീട്ടുമ്പോഴും കേസ് ഡയറി പരിശോധിച്ചിരിക്കണം എന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മുന്‍ ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു കാരണത്താലാണ് കോടതി കേസ് ഡയറി പരിശോധിക്കുന്നത്.

pathram:
Leave a Comment