യുഎഇയിൽ കോവിഡ് ചട്ടം ലംഘിച്ചാൽ കനത്ത പിഴ

യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ദുരുപയോഗപ്പെടുത്തിയാൽ കർശന നടപടിയെന്ന് അധികൃതർ. വാഹനയാത്രകളിലെ ഇളവുകൾ ഉൾപ്പെടെയുള്ളവയിൽ വിട്ടുവീഴ്ച അനുവദിക്കില്ല. കാറുകളിൽ 3 പേരിൽ കൂടുതൽ യാത്ര ചെയ്താൽ 3,000 ദിർഹം പിഴ ചുമത്തും. ഒന്നിലേറെ പേരുണ്ടെങ്കിൽ മാസ്ക് ധരിക്കണം.

കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്നിലധികം ആൾക്കാർക്ക് യാത്ര ചെയ്യാം. ഡ്രൈവ് ചെയ്യുന്നയാൾ മാത്രമാണ് വാഹനത്തിലുള്ളതെങ്കിൽ മാസ്ക് നിർബന്ധമില്ല. ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞാലും 3,000 ദിർഹമാണു പിഴ. വാഹനങ്ങളിൽ നിന്നു വലിച്ചെറിഞ്ഞാൽ പിഴയ്ക്കു പുറമെ ലൈസൻസിൽ 6 ബ്ലോക് പോയിന്റുകൾ പതിക്കുകയും ചെയ്യും.

പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ കഠിന വ്യായാമം ചെയ്യുമ്പോൾ മാസ്ക് ഒഴിവാക്കാൻ അനുമതിയുണ്ട്. വ്യായാമത്തിനിടെ ശ്വാസ തടസ്സമുണ്ടായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇളവ്. എന്നാൽ വ്യക്തികൾ തമ്മിൽ അകലം ഉൾപ്പെടെയുള്ളവരെ കൃത്യമായി പാലിക്കണം. ഹോട്ടലുകളിൽ മേശകൾ തമ്മിൽ ചുരുങ്ങിയത് 2 മീറ്റർ അകലമുണ്ടാകണം.

pathram desk 2:
Leave a Comment