വാക്‌സിന്‍ കണ്ടെത്തി പിറ്റേന്ന് മുതല്‍ ലോകം പഴയതുപോലെയാകും എന്നു കരുതേണ്ട; വാക്‌സിന്‍ യുദ്ധം വര്‍ഷങ്ങള്‍ നീളാനാണ് സാധ്യത

കൊറോണവൈറസ് വാക്‌സിനെക്കുറിച്ചുള്ള അമിത പ്രതീക്ഷകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് ആശങ്ക. പൊതുപ്രവര്‍ത്തകരും മരുന്നു നിര്‍മാണ കമ്പനികളും കോവിഡ് പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തുന്നതോടെ പ്രതിസന്ധി അവസാനിക്കുമെന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. പ്രത്യേകിച്ചും വാക്‌സിന്‍ കണ്ടെത്തി പിറ്റേന്ന് മുതല്‍ ലോകം പഴയതുപോലെയാകും എന്നതുപോലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ആഴ്ചയിലാണ് രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ പരീക്ഷണം അവസാനഘട്ടത്തിലേക്കെത്തിയത്. പല സര്‍ക്കാര്‍ പ്രതിനിധികളും മാധ്യമങ്ങളും ഈ നേട്ടത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ ജനപ്രതിനിധി സഭ മുൻപാകെ മരുന്നു നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍ ഒക്ടോബറിലോ ഈ വര്‍ഷം അവസാനത്തോടെയോ വാക്‌സിന്‍ എത്തുമെന്നാണ് ജൂലൈയില്‍ അറിയിച്ചത്. അങ്ങനെ സംഭവിച്ചാല്‍ പോലും ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും മാസ്‌കുകള്‍ വലിച്ചെറിഞ്ഞ് നമുക്ക് പഴയ ജീവിതരീതിയിലേക്ക് തിരിച്ചുപോകാനാവില്ലെന്നതാണ് യാഥാര്‍ഥ്യം.

വാക്‌സിനെന്നാല്‍ കോവിഡിന് മുൻപത്തെ കാലത്തേക്കെത്താനുള്ള സ്വിച്ചാണെന്ന് ആരും കരുതരുതെന്നാണ് ഹാര്‍വാഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ യൊനാഥന്‍ ഗ്രാഡ് ഓര്‍മിപ്പിക്കുന്നത്. സുരക്ഷിതമായ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയെന്ന പ്രഖ്യാപനം കോവിഡിനെതിരായ ഫലപ്രദമായ പോരാട്ടത്തിന്റെ അവസാനമല്ല, മറിച്ച് തുടക്കം മാത്രമാണ്.

ഇനി കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ക്ക് തൊട്ടടുത്ത നിമിഷം മുതല്‍ കോവിഡിനെതിരായ പ്രതിരോധ ശേഷി ലഭിക്കില്ല. അതിന് ഓരോരുത്തരുടേയും പ്രതിരോധ സംവിധാനത്തിന് അനുസരിച്ച് ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം. മാത്രമല്ല പല വാക്‌സിനുകളും ഫലപ്രദമാകണമെങ്കില്‍ നിശ്ചിത ഇടവേളകളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ഇക്കാലമത്രയും ഇപ്പോഴുള്ള സാമൂഹ്യ അകലം അടക്കമുള്ള മുന്‍കരുതലുകള്‍ തുടരേണ്ടതുണ്ടെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.

കോവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ നിര്‍മാണം പലപ്പോഴും ഒരു മത്സരമായാണ് വിശേഷിപ്പിക്കുന്നത്. ഇതില്‍ മുന്നില്‍ ചില കമ്പനികളും ചില രാജ്യങ്ങളുമുണ്ടെന്ന ചിത്രവും പലപ്പോഴും ജനങ്ങളിലേക്കെത്തുന്നു. ആദ്യം പ്രതിരോധ വാക്‌സിന്‍ കണ്ടെത്തുന്നവരുടേതാണ് മികച്ച വാക്‌സിന്‍ എന്നും കരുതാനാവില്ല. അതുകൊണ്ടുതന്നെ ഈ വാക്‌സിന്‍ യുദ്ധം വര്‍ഷങ്ങള്‍ നീളാനാണ് സാധ്യത.

എല്ലാ പ്രതിരോധ കുത്തിവെപ്പുകളുടേയും പ്രധാന കടമ്പകള്‍ സുരക്ഷയും ഫലപ്രാപ്തിയുമാണ്. എന്നാല്‍ ഇതിനര്‍ഥം എല്ലാ വാക്‌സിനുകളും ഒരേ പോലെ ഫലപ്രദമാണെന്നല്ല. ഉദാഹരണത്തിന് ഏറ്റവും മികച്ച വാക്‌സിനുകളിലൊന്നായ അഞ്ചാം പനിക്കെതിരായ പ്രതിരോധകുത്തിവെപ്പ് 98 ശതമാനം ഫലപ്രദമാണ്. പക്ഷേ, ഫ്‌ളൂവിനെതിരായ വാക്‌സിന്റെ ഫലപ്രാപ്തി 40 മുതല്‍ 60 ശതമാനം വരെ മാത്രമാണ്. പ്രായമേറിയവരെ പോലുള്ള പ്രത്യേക വിഭാഗക്കാരില്‍ ചില വാക്‌സിനുകളുടെ ഫലപ്രാപ്തിയില്‍ പിന്നെയും കുറവുണ്ടാകും. ഫ്‌ളു വാക്‌സിന് ഇത്തരക്കാരില്‍ പ്രത്യേകം അധിക ഡോസ് നല്‍കേണ്ടതുണ്ട്.

വാക്‌സിന്‍ എന്നത് ഒരു സ്വിച്ച് പോലെ ഒറ്റയടിക്കുള്ള പരിഹാരമല്ല. ഫലപ്രദവും സുരക്ഷിതവുമായ കോവിഡ് വാക്‌സിന്‍ നിര്‍മിച്ചാല്‍ പോലും വെല്ലുവിളികള്‍ നിരവധിയാണ്. ലോകമാകെയുള്ള മനുഷ്യരിലേക്ക് ഇത് എത്തിക്കുകയെന്നത് പോലും എളുപ്പമല്ല. ഗുണനിലവാരത്തില്‍ മാറ്റമില്ലാതെ വാക്‌സിന്‍ എല്ലാ മനുഷ്യരിലേക്കും എത്തിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കും. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് നിര്‍ണായകമാണെങ്കില്‍ പോലും അത് എല്ലാ പ്രശ്‌നങ്ങളും പൊടുന്നനെ അവസാനിപ്പിക്കാന്‍ ശേഷിയുള്ള അത്ഭുത മരുന്നല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഏറ്റവും കുറഞ്ഞത് 50 ശതമാനം ഫലപ്രാപ്തിയുണ്ടെങ്കില്‍ മാത്രമേ അമേരിക്കയില്‍ വാക്‌സിന് അനുമതി ലഭിക്കുകയുള്ളൂ. അമ്പത് ശതമാനത്തിന് തൊട്ടുമുകളില്‍ ഫലപ്രാപ്തിയുള്ള വാക്‌സിനും അമേരിക്കയില്‍ അനുമതി ലഭിക്കുമെന്നാണ് വസ്തുതയെന്നിരിക്കെ അത്തരമൊരു വാക്‌സിനാണ് അനുമതി ലഭിക്കുന്നതെങ്കില്‍ കോവിഡിനെതിരായ സാമൂഹ പ്രതിരോധം ആര്‍ജിക്കുക വെല്ലുവിളിയാവുകയും ചെയ്യും. അതേസമയം, കോവിഡ് രോഗ വ്യാപനം കുറക്കുന്നതില്‍ ഈ വാക്‌സിന്‍ ഫലപ്രദമാവുകയും ചെയ്യും. എന്നാല്‍, കോവിഡിനെ തുടച്ചുനീക്കി എന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയും ചെയ്യും.

75 ശതമാനം ഫലപ്രദമെന്ന് കരുതപ്പെടുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ വഴി സമൂഹ പ്രതിരോധം (ഹെര്‍ഡ് ഇമ്യൂണിറ്റി) ലഭിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ജനസംഖ്യയിലെങ്കിലും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വാക്‌സിന്‍ കണ്ടെത്തിയെന്ന് അറിഞ്ഞാലോ വാക്‌സിന്‍ വിതരണം ആരംഭിച്ചു കഴിഞ്ഞാലോ ഉടന്‍ തന്നെ കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് പോവുക അസാധ്യമാണ്. ആയിരങ്ങള്‍ സുരക്ഷിതമായി ഒത്തു ചേരുന്ന പൊതുപരിപാടികള്‍ക്ക് ഇനിയും നമ്മള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്നാണ് ഫിലാഡെല്‍ഫിയയിലെ വാക്‌സിന്‍ എഡ്യുക്കേഷന്‍ സെന്റര്‍ അറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ പോള്‍ എ ഓഫിറ്റ് ഓര്‍മിപ്പിക്കുന്നത്.

pathram desk 2:
Related Post
Leave a Comment