കണ്ടെയ്ന്‍മെന്റ് സോണുകളുടെ പൂര്‍ണ ചുമതല ഇനി പൊലീസിനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണുകളുടെ പൂര്‍ണ ചുമതല ഇനി പൊലീസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്റീനില്‍ ലംഘനം പൂര്‍ണമായി ഒഴിവാക്കാന്‍ പൊലീസ് കര്‍ശനമായി ഇടപെടും. മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ആളകലം ഉറപ്പാക്കാനും പൊലീസ് നിരീക്ഷണം ഉണ്ടാകും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങളെ നിയോഗിക്കും. രോഗം സ്ഥിരീകരിച്ച് 24 മണിക്കൂറിനകം സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തണം.

ആശുപത്രികള്‍, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ്, വിവാഹ വീടുകള്‍, മരണവീടുകള്‍, വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ ഇങ്ങനെ ആളുകള്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളില്‍ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ പ്രത്യേക നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനായി സംസ്ഥാനതല നോഡല്‍ ഓഫിസറായി എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയെ നിശ്ചയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നതില്‍ മാറ്റംവരുത്തി. പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്ന്‍മെന്റ് സോണാകും. പോസിറ്റീവ് ആയ ആളിന്റെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ കണ്ടെത്തിയാല്‍ ആ സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം ഒരു കണ്ടെയ്ന്‍മെന്റ് മേഖലയാകും. ഒരു വാര്‍ഡ് എന്നതിനു പകരം വാര്‍ഡിന്റെ ഒരു പ്രദേശത്താണ് ഈ ആളുകള്‍ ഉള്ളതെങ്കില്‍ ആ പ്രദേശമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍.

കൃത്യമായി മാപ്പ് തയാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കും പുറത്തേക്കും പോകാന്‍ അനുവദിക്കില്ല. അവര്‍ക്കുവേണ്ട അത്യാവശ്യ സാധനങ്ങള്‍ക്ക് കടകള്‍ ഉണ്ടാകും. പൊലീസ്, പൊലീസ് വൊളന്റിയര്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നെഗറ്റീവ് ആയാല്‍ മാത്രമേ കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാതാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ആസ്ഥാനം ഭാഗികമായി അടയ്ക്കും.ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം അണുനശീകരണത്തിനായി അടയ്ക്കും. കണ്‍ട്രോള്‍ റൂം, വയര്‍ലസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും.

തിരുവനന്തപുരത്ത് 13 ലാര്‍ജ് ക്ലസ്റ്ററുകള്‍-തിരുവനന്തപുരത്ത് സമൂഹവ്യാപനമുള്ള കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 13 ആയി കൂടി. തലസ്ഥാനത്തെ സ്ഥിതി അതീവഗുരുതരമായി തുടരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

pathram:
Related Post
Leave a Comment