ചൈനീസ് ടിവികള്‍ വലിച്ചെറിഞ്ഞവര്‍ വിഢികള്‍; അവരെ ഓര്‍ത്ത് സങ്കടമുണ്ടെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ പേരില്‍ ജനങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനിടയില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിനു ചൈനീസ് സ്‌പോണ്‍സര്‍മാരെ അനുവദിക്കുന്നതിനെ വിമര്‍ശിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്ത്.

അടുത്തമാസം യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പെടെയുള്ളവരെ സപോണ്‍സര്‍മാരായി നിലനിര്‍ത്താമെന്ന് ബിസിസിഐ / ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.

ജനങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമ്പോഴാണ് ചൈനീസ് മൊബൈല്‍ കമ്പനിയെ സ്‌പോണ്‍സര്‍മാരായി തുടരാന്‍ അനുവദിക്കുന്നതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ചൈനീസ് പണം, നിക്ഷേപം, സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യം എന്നിവയെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതില്‍ നമ്മള്‍ക്ക് കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നതു കൊണ്ടാണ് ചൈന ഇപ്പോഴും ധാര്‍ഷ്ട്യം തുടരുന്നതെന്നും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഒമര്‍ പറഞ്ഞു.

ഇതു സംഭവിക്കുന്നതു കാണാന്‍ വേണ്ടി മാത്രം ചൈനീസ് നിര്‍മിത ടിവികള്‍ ബാല്‍ക്കണിയില്‍നിന്നു താഴേക്കെറിഞ്ഞ വിഡ്ഢികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും ഒമര്‍ ട്വിറ്ററില്‍ കുറിച്ചു. ചൈനീസ് സ്‌പോണ്‍സര്‍മാരില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥയുണ്ടെന്നാണു സംശയമെന്നും ഒമര്‍ ട്വീറ്റ് ചെയ്തു.

pathram:
Leave a Comment