കൊറോണവൈറസ് കാരണം ഭൂമിക്കടിയില്‍ സംഭവിച്ചത് വലിയ മാറ്റം

ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും ചലനങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളതാണ് മനുഷ്യന്റെ ഇടപെടലുകള്‍. വാഹനങ്ങളും നിര്‍മാണപ്രവൃത്തികളും വ്യവസായങ്ങളും തുടങ്ങി കാണികള്‍ കൂടുതലുള്ള കായിക മത്സരങ്ങള്‍ വരെ ഭൂമിക്കടിയിലേക്ക് കമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, കോവിഡിന്റെ വരവ് ഇതിനും മാറ്റമുണ്ടാക്കിയിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ഭൂമിക്കടിയിലും കൂടുതല്‍ സമാധാനമുണ്ടായിരിക്കുകയാണ്.

ഭൂമിയിലെ കമ്പനങ്ങള്‍ മനുഷ്യന്‍ രേഖപ്പെടുത്തി തുടങ്ങിയതു മുതല്‍ ഏറ്റവും സമാധാനപരമായ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ‘ഭൂമിയെ എത്രത്തോളം മനുഷ്യന്റെ പ്രവര്‍ത്തികള്‍ സ്വാധീനിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യനിര്‍മിതമായ പ്രകൃതിയിലെ കമ്പനങ്ങള്‍ എത്രത്തോളമെന്ന് ഇപ്പോള്‍ നമുക്ക് തിരിച്ചറിയാനും സാധിക്കുന്നുണ്ടെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ സീസ്‌മോളജിസ്റ്റ് സ്റ്റീഫന്‍ ഹിക്‌സ് പറയുന്നു.

ഭൂമികുലുക്കത്തെക്കുറിച്ചും അഗ്നിപര്‍വ്വതങ്ങളിലെ സജീവതയെക്കുറിച്ചുമെല്ലാം തിരിച്ചറിയുന്നതിനായി ലോകത്ത് നിരവധി പ്രദേശങ്ങളില്‍ ഭൂകമ്പ മാപിനികള്‍ അടക്കമുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സമുദ്ര ജല നിരപ്പ് ഉയരുന്നതും അന്തരീക്ഷത്തിലെ മര്‍ദവുമെല്ലാം പല കേന്ദ്രങ്ങളിലായി രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യ ഇടപെടലുകളുടെ പ്രതിഫലനങ്ങള്‍ ഇത്തരം ഉപകരണങ്ങളിലും രേഖപ്പെടുത്തപ്പെടാറുണ്ട്. വാരാന്ത്യങ്ങളിലും മറ്റ് അവധി ദിനങ്ങളിലും ഇത് ഉയര്‍ന്ന നിലയിലെത്തുകയും രാത്രികളില്‍ ഇത്തരം ചലനങ്ങള്‍ കുറയാറുമുണ്ട്. എങ്കില്‍ പോലും ഇത്തരം മനുഷ്യ നിര്‍മിത ചലനങ്ങള്‍ ഒരിക്കലും നിലക്കാറില്ല.

ഇപ്പോഴും മനുഷ്യന്‍ ഭൂമിയിലുണ്ടാക്കുന്ന കമ്പനങ്ങള്‍ നിലച്ചിട്ടില്ലെങ്കിലും അതിന് വലിയ തോതില്‍ കുറവു വന്നിരിക്കുകയാണ്. പ്രതിമാസ കണക്കെടുപ്പില്‍ സാധാരണ നിലയേക്കാള്‍ പകുതി വരെ കുറവുവന്നിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. മെയ് മാസം വരെയുള്ള കണക്കുകളാണ് ഇതിനായി ഗവേഷകര്‍ ഉപയോഗിച്ചത്.

ലോകത്തെ 117 രാജ്യങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 268 ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ജനുവരിയില്‍ കോവിഡ് വ്യാപിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ കമ്പനങ്ങളില്‍ വ്യത്യാസങ്ങള്‍ പ്രകടമായി തുടങ്ങിയിരുന്നു. മാര്‍ച്ച് ഏപ്രില്‍ ആകുമ്പോഴേക്കും വ്യക്തമായ മാറ്റം രേഖപ്പെടുത്താനും സാധിച്ചു. 185 കേന്ദ്രങ്ങളിലും ഉയര്‍ന്ന ആവര്‍ത്തിയിലുള്ള മനുഷ്യ നിര്‍മിത കമ്പനങ്ങളില്‍ കുറവുണ്ടായി.

മനുഷ്യ ചലനങ്ങള്‍ കൂടുതലുള്ള വന്‍ നഗരങ്ങളില്‍ മാത്രമല്ല ഉള്‍പ്രദേശങ്ങളില്‍ പോലും ഇത്തരം കമ്പനങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റിലെ ഭൂകമ്പ നിരീക്ഷ കേന്ദ്രം ഭൂനിരപ്പില്‍ നിന്നും 400 അടി ആഴത്തിലാണുള്ളത്. ഇവിടെ പോലും ഭൂകമ്പനങ്ങളില്‍ കുറവുണ്ടായി. ഇത് മനുഷ്യന്റെ ഇടപെടല്‍ ഭൂമിയില്‍ എത്രത്തോളമുണ്ടെന്നതിന്റെ തെളിവ് കൂടിയാണ്. സയന്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

pathram desk 1:
Leave a Comment