സ്വപ്നാ സുരേഷ് പ്രളയദുരിതാശ്വാസ സഹായത്തിലും വെട്ടിപ്പ് നടത്തി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് യു.എ.ഇ.യില്‍നിന്നുള്ള പ്രളയദുരിതാശ്വാസ സഹായത്തിലും വെട്ടിപ്പ് നടത്തി. ഇതുള്‍പ്പെടെ ഇടനിലക്കാരിയായി സ്വപ്ന കോടിക്കണക്കിനു രൂപ നേടി. യു.എ.ഇ.യിലെ സന്നദ്ധസംഘടന കേരളത്തിലെ ഭവനനിര്‍മാണത്തിനായി നല്‍കിയ ഒരുകോടി ദിര്‍ഹത്തിന്റെ (ഏതാണ്ട് 20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടന്നത്. എന്നാല്‍, സ്വപ്ന മൊഴിനല്‍കിയത് 1.38 കോടി രൂപമാത്രമാണ് ഇടനിലക്കാരിയായി നേടിയതെന്നാണ്. ഇത് കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ സ്വപ്നയ്ക്കും സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നും പിടിയിലാവുന്നതിനുമുമ്പ് ഇത് ഒളിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കരുതുന്നു.

സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ വന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനുപുറമേ 50,000 ഡോളര്‍കൂടി തനിക്ക് മറ്റു രീതിയില്‍ പ്രതിഫലം കിട്ടിയതായി സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞവര്‍ഷം യു.എ.ഇ.യിലെ പ്രമുഖ സന്നദ്ധസംഘടന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 20 കോടി രൂപ ആദ്യഘട്ടമെന്ന നിലയ്ക്ക് നല്‍കിയിരുന്നു. വീടുകളും ചികിത്സാസൗകര്യങ്ങളും ഒരുക്കാനായിരുന്നു ഇത്. ഇതിനുള്ള ധാരണാപത്രം കേരളവും സന്നദ്ധസംഘടനാ പ്രതിനിധികളും ഒപ്പുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയും ചടങ്ങിലുണ്ടായിരുന്നു. ഇതിലും സ്വപ്ന ഇടനിലക്കാരിയായിരുന്നെന്നാണ് കരുതുന്നത്.

കേരളത്തിനും യു.എ.ഇ.ക്കുമിടയില്‍ സര്‍ക്കാര്‍തലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി സ്വപ്നയുണ്ടായിരുന്നു. കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും സമാനമായതോതില്‍ വിഹിതം കിട്ടിയിരുന്നതായും സ്വപ്ന കസ്റ്റംസിനോടു വെളിപ്പെടുത്തി. യു.എ.ഇ.യുമായി ബന്ധപ്പെട്ട് സഹായം ലഭിക്കാന്‍ എല്ലാവരും സ്വപ്നയെയാണു സമീപിച്ചിരുന്നത്. സഹായനിധികളില്‍നിന്നു സ്വപ്നയ്ക്കും കൂട്ടര്‍ക്കും കൃത്യമായ വിഹിതം വന്നിരുന്നു. നേരത്തേ ഒരുകോടി രൂപയും ഒരുകിലോ സ്വര്‍ണവും സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെടുത്തിരുന്നു. ഇത് ഈ രീതിയില്‍ കിട്ടിയ പണമാണെന്നാണ് കസ്റ്റംസ് കരുതുന്നത്.

ഇത്തരത്തില്‍ കിട്ടിയ പണം കണക്കില്‍പ്പെടുത്താനാണ് എം. ശിവശങ്കര്‍ വഴി തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടിയത്. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യുന്നതിനെക്കുറിച്ച് കസ്റ്റംസ് ആലോചിക്കുന്നുണ്ട്. സ്വപ്നയുടെ ഇടപാടുകള്‍ കൈവിട്ടുപോവുന്നു എന്നുകണ്ട് ഒരിക്കല്‍ അവരെ താക്കീത് ചെയ്തിരുന്നതായി ശിവശങ്കര്‍ വെളിപ്പെടുത്തിയിരുന്നു.

pathram:
Leave a Comment