കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുറത്തിറക്കിയ പുതിയ ഭൂപടം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയ്ക്കും ഗൂഗിളിനും ഐക്യരാഷ്ട്ര സംഘടനയ്ക്കും (യുഎൻ) അയച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്നതായി നേപ്പാൾ മന്ത്രി. ‘കാലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവയുൾപ്പെടെയുള്ള പുതുക്കിയ ഭൂപടം വിവിധ യുഎൻ ഏജൻസികൾക്കും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യാന്തര സമൂഹത്തിനും അയയ്ക്കും. ഈ മാസം പകുതിയോടെ ഈ പ്രക്രിയ പൂർത്തിയാകും’– മന്ത്രി പത്മ ആര്യാൽ വാർത്താ ഏജൻസിയോട് പറഞ്ഞു.
പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് ഐക്യകണ്ഠ്യേന അംഗീകരിച്ചിരുന്നു. ഇതിന്റെ 4,000 പകർപ്പുകൾ ഇംഗ്ലിഷിൽ അച്ചടിച്ചു നൽകാനാണു തീരുമാനം. ഇതിനോടകം 25,000 പകർപ്പ് അച്ചടിച്ച് രാജ്യമെമ്പാടും വിതരണം ചെയ്തു. സർക്കാർ സ്ഥാനപനങ്ങൾക്ക് ഭൂപടം സൗജന്യമാണ്. പൊതുജനത്തിന് 50 നേപ്പാളി രൂപ കൊടുത്തും വാങ്ങാം. മേയ് 20നാണ് നേപ്പാൾ സർക്കാർ ഇന്ത്യൻ പ്രദേശങ്ങളായ ലിംപിയാദുര, ലിപുലെഖ്, കാലാപാനി എന്നിവ ഉൾപ്പെടുത്തി പരിഷ്കരിച്ച ഭൂപടം പുറത്തിറക്കിയത്.
ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല നേപ്പാളിന്റെ ഏകപക്ഷീയമായ നടപടിയെന്ന് ചൂണ്ടിക്കാണിച്ച ഇന്ത്യ, ഇത് ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമാണെന്നും പ്രാദേശിക അവകാശവാദങ്ങൾക്കനുസരിച്ച് അതിർത്തിയുടെ വികസനം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് നേപ്പാൾ ഭൂപടം കൈമാറിയാലും ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ രാജ്യാന്തര അതിർത്തി വിഷയങ്ങളിൽ യുഎൻ ഇടപെടാറില്ല.
Leave a Comment