നോറയിലൂടെ ഞങ്ങള്‍ ഇനി മെറിനെ കാണും…അമ്മ മേഴ്‌സി

കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ സംസ്‌കാരം ഈ ആഴ്ച അമേരിക്കയില്‍ നടത്തും. റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തില്‍ ആയിരിക്കും സംസ്‌കാരം. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ റ്റാംപയിലുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്നു ബന്ധുക്കള്‍ അറിയിച്ചു.

മൃതദേഹം മയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഏറ്റുവാങ്ങാനും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അത് ഉപേക്ഷിച്ചു. മെറിന്‍ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചൊവ്വാഴ്ച സൗകര്യം ഒരുക്കും.

മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ്, മേഴ്‌സി ദമ്പതികളുടെ മകളാണ് മെറിന്‍ ജോയി (27). ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടര്‍ന്ന് മെറിന്റെ ദേഹത്ത് കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യു (നെവിന്‍) അറസ്റ്റിലാണ്. കോറല്‍ സ്പ്രിങ്‌സിലെ ജോലി വിട്ട് റ്റാംപയിലെ സെന്റ് ജോസഫ്‌സ് ആശുപത്രി ഗ്രൂപ്പില്‍ മെറിന്‍ ജോലി നേടിയിരുന്നു. അങ്ങോട്ടു താമസം മാറാന്‍ തയാറെടുത്തിരിക്കുമ്പോഴായിരുന്നു മരണം.

മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന വിവരം ഇന്നലെ ഉച്ചയോടെയാണ് പിതാവിനെയും അമ്മയെയും അറിയിച്ചത്. ‘മെറിനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ചിരുന്നു. ക്രൂരമായ ആക്രമണമേറ്റ മകളുടെ മുഖം കാണാന്‍ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട്.

ചിരിച്ചു വര്‍ത്തമാനം പറയുന്ന പഴയ മുഖം മതി ഓര്‍മയില്‍. നോറയിലൂടെ ഞങ്ങള്‍ ഇനി മെറിനെ കാണും…’ അമ്മ മേഴ്‌സി പറഞ്ഞു. മെറിന്റെ മകളായ നോറ (2) ഇപ്പോള്‍ മോനിപ്പള്ളിയിലെ വീട്ടിലുണ്ട്.

എംബാം ചെയ്യാന്‍ കഴിയാത്തതു മൂലമാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നു സൂചന. 17 കുത്തേല്‍ക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാല്‍ എംബാം ചെയ്യാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കള്‍ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

follow us pathramonline

pathram:
Related Post
Leave a Comment