ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്നയെ സഹായിച്ചതെന്ന് മൊഴി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്തതെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയതായി അറിയുന്നു. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനു ലഭിച്ച മൊഴി വിശ്വസനീയമെന്നു വ്യക്തമായാൽ സ്വർണക്കടത്തു കേസിൽ നിർണായക വഴിത്തിരിവാകും.

കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും ഓഫിസിലും കസ്റ്റംസ് നടത്തിയ പരിശോധനയുടെ തുടർച്ചയായിട്ടായിരുന്നു ഇന്നലെ ചോദ്യംചെയ്യൽ. സ്വപ്നയുടെയും ശിവശങ്കറിന്റെയും ആദായനികുതി റിട്ടേണുകൾ തയാറാക്കുന്നത് ഈ ചാർട്ടേഡ് അക്കൗണ്ടന്റാണെന്നാണു വിവരം. സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതി കെ.ടി.റമീസിനെ എൻഐഎ രാത്രിയിൽ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി.

ശിവശങ്കറിന്റെ ഫ്ലാറ്റിലും എതിർവശത്തെ ഹോട്ടലിലുമായി പ്രതികൾ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രധാനമായി ഈ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. റമീസ് താമസിച്ച കോവളത്തെ ഹോട്ടലിലും കൊണ്ടുപോയി തെളിവെടുത്തു. അതിനുശേഷം രാത്രിയിൽ പൊലീസ് ക്ലബ്ബിലെത്തിച്ചു ചോദ്യം ചെയ്തു.

അതേസമയം തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതികൾ യുഎഇ കോൺസുലേറ്റിനെതിരെ മൊഴി നൽകുന്നത് ആസൂത്രിതമെന്നു സംശയം. പ്രതികളായ സ്വപ്ന സുരേഷും സന്ദീപ്നായരും സരിത്തും മുൻപ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകി.

കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയായ കെ.ടി. റമീസും കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയതോടെയാണ് അന്വേഷണ സംഘം ഈ നിഗമനത്തിലേക്കു നീങ്ങുന്നത്.

പല കേസുകളിലും അന്വേഷണം വഴി തെറ്റിക്കാൻ പ്രതികൾ മൊഴി നൽകാറുണ്ട്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാൻ ആരോപണ വിധേയരായ വ്യക്തികളിൽ നിന്ന് വിശദമായി മൊഴിയെടുക്കാറാണു പതിവ്. എന്നാൽ ഈ കേസിൽ യുഎഇയുടെ നയതന്ത്ര പ്രതിനിധികൾക്കെതിരെയാണ് ആരോപണം. ഇവരെ നേരിട്ടു ചോദ്യം ചെയ്യാൻ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കു കഴിയില്ല.

ആരോപണ വിധേയരായ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണമില്ലാതെ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണയിൽ അതു പ്രതിഭാഗത്തിനു ഗുണമാകും. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി യുഎഇ ഭരണകൂടത്തെ സമീപിച്ചാൽ അന്വേഷണം നീണ്ടുപോകാനും സാധ്യതയുണ്ട്. യുഎപിഎ കേസിൽ 180 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾ ജാമ്യം നേടും.

ഭീകരബന്ധം ആരോപിക്കപ്പെടുന്ന കേസിൽ സ്വന്തം നയതന്ത്ര പ്രതിനിധികളെ ഇന്ത്യൻ ഏജൻസികൾ ചോദ്യം ചെയ്യുന്നത് യുഎഇ അംഗീകരിക്കാനിടയില്ല. അവരെ സമ്മർദത്തിലാക്കാൻ ഇന്ത്യക്കും കഴിയില്ല. ഈ സാഹചര്യം മുന്നിൽ കണ്ടുള്ള തന്ത്രമാണു പ്രതികൾ പയറ്റുന്നതെന്നാണു വിലയിരുത്തൽ.

യുഎഇയുടെ മുദ്രകളും കോൺസുലേറ്റിന്റെ രേഖകളും പ്രതികൾ വ്യാജമായി നിർമിച്ചതായുള്ള കസ്റ്റംസിന്റെ കണ്ടെത്തലാണ് പ്രോസിക്യൂഷൻ നടപടികളിൽ എൻഐഎക്കു പിടിവള്ളിയാകുന്ന ഏകഘടകം.

pathram:
Related Post
Leave a Comment