മലയാളി യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

മലയാളി യുവാവിനെ ഓസ്‌ട്രേലിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയില്‍ ഡോ.ഐ.സി ബഞ്ചമിന്റെ മകന്‍ അമിത് ബഞ്ചമിനെയാണ് മെല്‍ബണിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ അമിത് പിതാവുമായി സംസാരിച്ചിരുന്നു.

എല്ലാദിവസവും ഫോണ്‍ ചെയ്തിരുന്ന മകന്‍ ചൊവ്വയും ബുധനും വിളിച്ചിരുന്നില്ല. അങ്ങോട്ട് വിളിച്ചപ്പോള്‍ ഫോണും എടുത്തില്ല. തുടര്‍ന്ന് ഡോ. ബെഞ്ചമിന്‍ മെല്‍ബണിലുള്ള ബന്ധു മുഖേന പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അമിത്തിന്റെ വീട്ടില്‍ എത്തി പോലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കിടക്കയില്‍ മരിച്ച് കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെല്‍ബണില്‍ സംസ്‌കരിക്കാനാണ് തീരുമാനം. മാതാവ് ഡോ.അനില ഏതാനും വര്‍ഷം മുമ്പാണ് മരിച്ചത്. ഏക മകനാണ് അമിത്. മള്‍ട്ടി മീഡിയ കോഴ്‌സ് പൂര്‍ത്തിയാക്കിയ അമിത് മെല്‍ബണില്‍ ജോലി ചെയ്യുകയായിരുന്നു.

pathram:
Related Post
Leave a Comment