നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. കോവിഡും, ലോക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയെ അറിയിച്ചത്. അതിനാല്‍ സമയം നീട്ടിനല്‍കണമെന്നാണ് ജഡ്ജിയുടെ ആവശ്യം.

വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ നേതൃത്വം നല്‍കുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കും.

നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29 ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിച്ച് മെയ് 29 ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കേസുമായി ബന്ധപെട്ട് ചില ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നതിനാല്‍ അന്തിമ വിചാരണ ആരംഭിക്കുന്നത് വൈകി.

ഇതിനിടെ വിചാരണ നടപടികള്‍ മെയ് 29 നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി ഏപ്രില്‍ 30 ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ഹൈക്കോടതിക്ക് കത്ത് നല്‍കി. ഈ കത്ത് മെയ് 11 ന് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍) സുപ്രീം കോടതിക്ക് കൈമാറി. കോവിഡും, ലോക്ഡൗണും കാരണം വിചാരണക്കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നതായി അഡീഷണല്‍ സെഷന്‍സ് ജഡ്ജിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി വേണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നവംബര്‍ വരെ സമയം ലഭിക്കും. നിലവില്‍ നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയില്‍ നടക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇനി റീ എക്സാമിനേഷന്‍ നടക്കേണ്ടത് ഉണ്ട്.

pathram:
Leave a Comment