തിരുവനന്തപുരം : തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമെന്ന് സൂചന. പോലീസ് ആസ്ഥാനത്തെ എസ്.ഐ അടക്കം ആറ് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡെപ്യുട്ടി സ്പീക്കറുടെ ഗണ്‍മാനും കിളിമാനൂര്‍ സ്റ്റേഷനിലെ നാലു പോലീസുകാരും കൊവിഡ് ബാധിച്ചവരില്‍ പെടുന്നു.
തുമ്പ ക്ലസ്റ്ററില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തേക്കുംമൂട് ബണ്ട് കോളനിയില്‍ 15 പേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ രോഗം കണ്ടെത്തി. മാല മോഷണക്കേസിലെ പ്രതിയ്ക്ക് കൊവിഡ് ബാധിച്ചതോടെയാണ് കിളിമാനൂര്‍ സ്റ്റേഷനിലെ പോലീസുകാരിലേക്കും രോഗം പടര്‍ന്നത്. നേരത്തെ രണ്ടു പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കിളിമാനൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ എല്ലാവരും ക്വാറന്റീനിലായി. മറ്റു സ്റ്റേഷനുകളില്‍ നിന്ന് പോലീസുകാരെ എത്തിച്ച് സ്റ്റേഷന്റെ പ്രവര്‍ത്തനം നടത്തുമെന്ന് ആഭ്യന്തര വകപ്പ് വ്യക്തമാക്കി.
നേരത്തെ എന്‍.ഐ.എയിലെ ഡ്രൈവര്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചതായും 65 പേര്‍ സുഖം പ്രാപിച്ചതായും ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ശസ്ത്രക്രിയ കഴിഞ്ഞ മടങ്ങിയ രോഗിക്കും ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ 11 നഴ്സുമാര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഈ മാസം 16ന് ശേഷം ആശുപത്രിയില്‍ എത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ആശുപത്രി താത്ക്കാലികമായി അടച്ചു.
Leave a Comment