ഇന്ത്യയിലെ പ്രദേശങ്ങളില്‍ ചൈന നടത്തുന്ന അവകാശവാദം ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക

വാഷിങ്ടന്‍: ഇന്ത്യയിലെയും ഭൂട്ടാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന അവകാശവാദം ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക. ചൈനയുടെ മനസ്സിലിരിപ്പിന്റെ സൂചനയാണിതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് അറിയാനുള്ള ശ്രമമാണ് പ്രസിഡന്റ് ഷീ ചിന്‍ പിങ്ങിന്റെതെന്നും പോംപിംയോ പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ കടന്നുകയറ്റവും ഭൂട്ടാനിലെ സാക്തങ് വന്യജീവി കേന്ദ്രത്തില്‍ അവകാശവാദം ഉന്നയിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു പോംപിയോയുടെ പരാമര്‍ശം. ഷീ അധികാരത്തില്‍ എത്തിയതിനു ശേഷം ചൈനയുടെ ഭാഗത്തുനിന്ന് സ്ഥിരമായി ഇത്തരം നടപടികള്‍ ഉണ്ടാകുന്നുെണ്ടന്നും വിദേശകാര്യ സമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് പോംപിയോ പറഞ്ഞു.

അധികാരവും അതിര്‍ത്തിയും വികസിപ്പിക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നത്. സോഷ്യലിസം നടപ്പാക്കുന്നതിനെക്കുറിച്ചു ലോകത്തോടു പറയുന്ന ചൈന മറ്റു രാജ്യങ്ങളില്‍ അവകാശവാദം ഉന്നയിക്കുകയാണ്. ലോകരാജ്യങ്ങള്‍ അവരുടെ ഭീഷണിക്കു മുന്നില്‍ ചെറുത്തുനില്‍പ് നടത്തുമോ എന്നു പരിശോധിക്കുകയാണ് ചൈന. ലോകം അതിനു പ്രാപ്തമാണെന്ന പൂര്‍ണവിശ്വാസമാണ് തനിക്കുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഏറെ ഗൗരവത്തോടെ വേണം ഇതിനെ നേരിടാനെന്നും പോംപിയോ പറഞ്ഞു.

ഇന്ത്യ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാകുന്ന 106 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കാര്യവും പോംപിയോ ചൂണ്ടിക്കാട്ടി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിടാനുള്ള തയാറെടുപ്പിലാണ് അമേരിക്ക. രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ദക്ഷിണ ചൈനാ കടലിലെ തര്‍ക്കം പരിഹരിക്കണമെന്നാണ് 10 ആസിയാന്‍ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഹോങ്കോങ്ങില്‍ ചൈനയുടെ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിനെ ജപ്പാന്റെ നേതൃത്വത്തില്‍ ജി7 എതിര്‍ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും പോംപിയോ പറഞ്ഞു.

ചൈന ഉയര്‍ത്തുന്ന ബൗദ്ധിക സ്വത്തവകാശ വെല്ലുവിളിക്കെതിരെ യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ഖ്വാദ് കൂട്ടായ്മ ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്. യുഎസ് നീതിനിര്‍വഹണ വകുപ്പ് ഇതിനായി മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും പോംപിയോ പറഞ്ഞു.

pathram:
Related Post
Leave a Comment