ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നു; ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ കസ്റ്റംസ് അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കര്‍ നല്‍കിയ മൊഴി പരിശോധിക്കുന്നതിന് വേണ്ടിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തത്.

കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. വര്‍ഷങ്ങളായി ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കുന്നത് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.

അതേസമയം അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒരു കോളും വന്നിട്ടില്ല എന്നുപറഞ്ഞ കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് പി. രാജനെ കൊച്ചിയിൽനിന്ന്‌ നാഗ്പുരിലേക്കു സ്ഥലംമാറ്റി.

സ്വപ്ന സുരേഷിനെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽനിന്ന്‌ കസ്റ്റംസിനെ ബന്ധപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. തുടർന്ന്, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു വിളിച്ചിരുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘ഒരു കോളും വന്നില്ല…’ എന്നായിരുന്നു അനീഷിന്റെ മറുപടി.

മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രസ്താവനയിറക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, അനീഷ് രാജന്റെ പേരെടുത്തു പറഞ്ഞ് ഫെയ്‌സ്ബുക്കിലൂടെ വിമർശിച്ചു. പിന്നാലെ ചില കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ബി.ജെ.പി. സംസ്ഥാന നേതൃത്വം അനീഷിനെതിരേ കേന്ദ്രത്തിനു പരാതി നൽകിയിരുന്നു. കേന്ദ്രസർക്കാർ സംഭവത്തെക്കുറിച്ച് കസ്റ്റംസിൽനിന്നു റിപ്പോർട്ടും തേടി.

ഈ വർഷമാദ്യം മികച്ച പ്രവർത്തനത്തിന് വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ പുരസ്കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് അനീഷ്. കൊച്ചി പനമ്പിള്ളി നഗർ സ്വദേശിയായ ഇദ്ദേഹം 2008 ബാച്ച് ഐ.ആർ.എസുകാരനാണ്. കൊച്ചി കോർപ്പറേഷനിലെ മുൻ സി.പി.എം. കൗൺസിലറും എറണാകുളം ഏരിയാ കമ്മിറ്റി അംഗവുമായ പി.ആർ. റനീഷിന്റെ സഹോദരനാണ്.

അനീഷ് പി. രാജന്റെ സ്ഥലംമാറ്റം വന്നത് റബ്ബർ ബോർഡിലേക്കുള്ള ഡെപ്യൂട്ടേഷൻ കാത്തിരിക്കേയാണ്. ഇതിനുള്ള കടലാസുപണികളെല്ലാം അവസാന ഘട്ടത്തിലെത്തിയിരുന്നു. ചട്ടമനുസരിച്ച് കസ്റ്റംസിന്റെ ഒരു സോണിൽ ദീർഘകാലം തുടരാനാവില്ല. അനീഷ് രാജന് ആദ്യ നിയമനം കേരളത്തിലായിരുന്നു. ഇവിടെ 12 വർഷം പൂർത്തിയാക്കിയ അനീഷ് നേരത്തേ തന്നെ കേരളത്തിനു പുറത്തേക്കു പോകേണ്ടതായിരുന്നു. ഇതിനിടെ ഡെപ്യൂട്ടേഷനിൽ മൂന്നുവർഷം ആന്റി ഇവേഷൻ വിഭാഗത്തിൽ (ഇപ്പോഴത്തെ ജി.എസ്.ടി. ഇന്റലിജൻസ്) എറണാകുളത്തുതന്നെ ജോലി ചെയ്തിരുന്നു. ഇതാണ് കേരളത്തിനു പുറത്തേക്കുള്ള നിയമനം വൈകിയത്.

folloW us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment