പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ആകെ 1319 കോവിഡ് രോഗികള്‍; ഇതില്‍ 537 പേര്‍ക്ക് സമ്പര്‍ക്കം വഴി; ബക്രീദ് ആഘോഷത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍

പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ആകെ 1319 കോവിഡ്- 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 537 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നിട്ടുള്ളത്. ഇവരുടെ സമ്പര്‍ക്കം മുഴുവനായി ഇതുവരെയായി കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പല വാര്‍ഡുകളും ദൈനംദിനം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കേണ്ടിവരുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. രോഗവ്യാപനം തടയുന്നതിന് പൊതുജനങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്.

മേല്‍പറഞ്ഞ സാഹചര്യത്തിലാണ് 31.07.2020-ന് വെള്ളിയാഴ്ച ബക്രീദ് ആഘോഷം നടക്കുവാന്‍ പോകുന്നത്. അതിനാൽ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

100 ചതുരശ്ര അടി സ്ഥലത്ത് 15 പേര്‍ എന്ന കണക്കില്‍ പരമാവധി 100 വിശ്വാസികളെ ഉള്‍പ്പെടുത്തി മാത്രമേ പ്രാര്‍ത്ഥന/നിസ്‌ക്കാരം നടത്തുവാന്‍ പാടുള്ളു.

വ്യക്തികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിച്ചിരിക്കണം.

മാസ്‌ക്ക് ധരിച്ചായിരിക്കണം പ്രാര്‍ത്ഥന/നിസ്‌ക്കാരം നടത്തേണ്ടത്. ഇതിനു മുന്‍പും, ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കേണ്ടതാണ്.

പള്ളികളില്‍ സമൂഹ പ്രാര്‍ത്ഥന/
നിസ്‌ക്കാരത്തിന് എത്തുന്ന വിശ്വാസികളുടെ എണ്ണം സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം പരമാവധി പരിമിതപ്പെടുത്തേണ്ടതാണ്.

കഴിഞ്ഞ 14 ദിവസത്തിനിടെ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മറ്റ് കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടുളളവര്‍ സമൂഹ പ്രാര്‍ത്ഥനയിലോ, നിസ്‌ക്കാരത്തിലോ പങ്കെടുക്കരുത്.

ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുള്ളവര്‍ വീടിനകത്തും, പുറത്തുമുള്ള യാതൊരു ആചാര/ ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ പാടില്ല.

നിസ്‌ക്കാരത്തിന് മുന്‍പ് ശരീരശുദ്ധി വരുത്തുന്നതിന് വാട്ടര്‍ടാപ്പ് മാത്രമേ ഉപയോഗിക്കാവു. പൊതുവായ ജലസംഭരണിയോ, മഗ്ഗ്, ബക്കറ്റ് എന്നിവയോ ഉപയോഗിക്കുവാന്‍ പാടില്ല.

കണ്ടെയിന്‍മെന്റ് സോണുകളില്‍ മേല്‍പറഞ്ഞ എല്ലാ പ്രവൃത്തികളും നിരോധിച്ചിരിക്കുന്നു.

pathram:
Related Post
Leave a Comment