കണ്ടെയ്ൻമെന്റ് സോണുകളിൽ ബലികർമത്തിനോ മാംസ വിതരണത്തിനോ അനുമതിയില്ല; ബക്രീദ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ

കാക്കനാട്: നാ​ളത്തെ ബക്രീദ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. കണ്ടെയ്ൻമെന്റ് സോണുകളിൽ ബലികർമമോ മാംസവിതരണമോ പാടില്ല എന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കളക്ടറുടെ ഉത്തരവിലുണ്ട്. ബലികർത്തിന് ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രങ്ങൾ സംബന്ധിച്ച് തീരുമാനമായത്.

കണ്ടെയ്മെന്റ് സോണുകളിൽ ബലികർമവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ വൃന്ദ ദേവി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ പള്ളികളിലായാലും വീടുകളിലായാലും ബലികർമത്തിനോ മാംസ വിതരണത്തിനോ അനുമതിയില്ല. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ബലികർമം നടത്താം -ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.

വീടുകളിൽ ബലികർമം നടത്തുമ്പോൾ പരമാവധി അഞ്ചു പേർ മാത്രമേ എത്താവൂ. ക്വാറന്റീനിൽ കഴിയുന്നവരും കഴിഞ്ഞ 14 ദിവസത്തിനുള്ള പനിയോ മറ്റു കോവിഡ് ലക്ഷണങ്ങളോ ഉള്ളവരും കർമത്തിൽ പങ്കെടുക്കാൻ പാടില്ല. ബലികർമ വേളയിലും അതിനു ശേഷം വീടുകളിൽ മാംസം വിതരണം ചെയ്യുമ്പോഴും പൂർമണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചിരിക്കണം. പള്ളികളിൽ ബലികർമവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും ഇടപെടുന്നവരും കോവിഡ് ടെസ്റ്റ് നടത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ ഉത്തരവിലുള്ളത്.

ആഘോഷങ്ങൾ പരമാവധി ചുരുക്കി നിർബന്ധിത ചടങ്ങുകൾ മാത്രം നിർവഹിക്കുക, കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കുക, പൊതുസ്ഥലങ്ങളിലെ ഈദ് ഗാഹ് ഒഴിവാക്കി പള്ളികളിൽ മാത്രം പെരുന്നാൾ നമസ്കാരം നടത്തുക, പള്ളികളിലെ നമസ്കാരത്തിന് സാമൂഹിക അകലം പാലിച്ച് പരമാവധി നൂറുപേർ മാത്രം പങ്കെടുക്കുക തുടങ്ങിയ നിർദേശങ്ങളും ഉത്തരവിലുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment