ദുൽഖറിന്റെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ പാടി അനുപമ

ദുൽഖറിന്റെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ പാടി അനുപമ പരമേശ്വരൻ. രസകരമായ അടിക്കുറിപ്പോടെ താരം തന്നെയാണ് പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഈ ദ്രോഹത്തിന് എന്നോടു ക്ഷമിക്കണം. ഞാൻ മികച്ച ഗായികയല്ല. എങ്കിലും ഒന്നു ശ്രമിച്ചു. ഇതും പറഞ്ഞ് എന്നെ കളിയാക്കരുത്’, വിഡിയോ പോസ്റ്റു ചെയ്ത് അനുപമ കുറിച്ചു.

അനുപമയുടെ പാട്ട് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. പാട്ടും അടിക്കുറിപ്പും ഒരുപോലെ ഇഷ്ടമായി എന്നാണ് ആരാധകരുടെ കമന്റുകൾ. അനുപമയിൽ നിന്നും ഇനിയും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നുവെന്നും ശ്രോതാക്കൾ അഭിപ്രായപ്പെട്ടു.

ദുൽഖർ സൽമാൻ നിർമിക്കുന്ന ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലെ ഗാനമാണിത്. അനുപമയാണ് ചിത്രത്തിലെ നായിക. ദുൽഖറിന്റെ ജന്മദിനത്തിലാണ് അണിയറപ്രവർത്തകർ പാട്ട് പുറത്തിറക്കിയത്. വരികളിലെ വ്യത്യസ്തതയും താളം മുറിയാതെയുള്ള ആലാപനവും കൊണ്ട് ശ്രദ്ധിക്കപ്പെട്ട പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കിയിരുന്നു.

pathram desk 1:
Related Post
Leave a Comment