ഈ വരുന്ന ഓഗസ്റ്റ് അഞ്ച് രാജ്യത്തിന് ഏറെ നിർണായകം. നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയുടെ വാർഷികമെന്നതാണ് ഇതിലൊന്ന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറെ സുപ്രധാനമായ സുപ്രീംകോടതി വിധിയെഴുത്തിനുശേഷം അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് തുടക്കമിടുന്ന ദിനമെന്നതാണ് മറ്റൊന്ന്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയുടെ വാർഷികമായ ഓഗസ്റ്റ് അഞ്ചിന് എന്തൊക്കെ നടപടി സ്വീകരിക്കാമെന്നതു പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ ജൂലൈ 21ന് ചേർന്ന പ്രത്യേക യോഗത്തിൽ ചർച്ച ചെയ്തെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയുടെ അധ്യക്ഷതയിലായിരുന്നു ഈ യോഗം.
കശ്മീർ ആയിരുന്നു യോഗത്തിലെ മുഖ്യ അജൻഡ എന്നാണ് സൂചന. ഓഗസ്റ്റ് അഞ്ചിലെ സാഹചര്യങ്ങളും യോഗത്തിൽ ചർച്ചയായി. സ്വാതന്ത്ര്യത്തിനായി ധീരരായി പോരാടിയ കശ്മീരികൾക്ക് ആദരം അർപ്പിക്കുന്നതായും യോഗം അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനോടനുബന്ധിച്ച് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന ആലോചനയിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്ക് സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും എന്നാണ് സൂചന.
തർക്ക പ്രദേശമെന്ന നിലയിൽ കശ്മീരിന്റെ പദവിക്കെതിരായ വെല്ലുവിളിയെ മുഴുവൻ സൈനിക കരുത്തും ഉപയോഗിച്ചു നേരിടും. ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനായി എപ്പോഴും തയാറായിരിക്കും– പാക്കിസ്ഥാൻ സൈനിക തലവൻ ജനറൽ ഖമർ ജാവേദ് ബജ്‍വ രണ്ട് മാസം മുൻപ് ഒരു പരിപാടിയിൽ സ്വന്തം സൈനികരോടു പറഞ്ഞതിങ്ങനെ. നിയന്ത്രണരേഖയിലെ പുന സെക്ടറിൽ പാക്കിസ്ഥാൻ സൈനികര്‍ക്കൊപ്പം ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരായ ‘ചൂട്’ ഒട്ടും മാറിയിട്ടില്ലെന്ന സൂചനയുമായി പാക്കിസ്ഥാൻ സൈനിക മേധാവി ഈ പ്രസ്താവന നടത്തിയത്.
ഓഗസ്റ്റ് അഞ്ചിന് മുന്നോടിയായി 18 ഇന പരിപാടിയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്ക് സർക്കാരും തയാറാക്കിയിരിക്കുന്നതെന്നാണു വിവരം. ചാര സംഘടനയായ ഐഎസ്ഐയുടെ കൂടി പിന്തുണ നീക്കത്തിനുണ്ട്. പാക്ക് അധിനിവേശ കശ്മീരിലേക്കുള്ള ഇമ്രാൻ ഖാന്റെ സന്ദർശനമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അവിടെ വച്ച് ഇമ്രാൻ ഖാൻ ജനങ്ങളോടു പ്രസംഗിക്കുകയും ചെയ്യും. ഇമ്രാൻ ഖാന്‍ എത്തുന്നതിനു മുൻപേ വിദേശ മാധ്യമപ്രവർത്തകരുടെ സംഘത്തെ പാക്ക് അധിനിവേശ കശ്മീരിൽ എത്തിക്കും.
ഇന്ത്യ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാൻ യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാന് പുറമേ രണ്ട് അംഗങ്ങളാണ് ഇക്കാര്യം യുഎന്നിൽ സംസാരിച്ചത്, തുർക്കിയും മലേഷ്യയും. ഓഗസ്റ്റ് അഞ്ചിന് മുന്നോടിയായി ഈ രണ്ടു രാജ്യങ്ങളുടെയും ചൈനയുടെയും പിന്തുണ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ തേടിയിട്ടുണ്ട്. ഇമ്രാൻ ഖാന്റെ ആസൂത്രണങ്ങളുടെ ഭാഗമായി കശ്മീർ വിഷയത്തിൽ മൂന്ന് രാജ്യങ്ങളും പ്രസ്താവന ഇറക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. പ്രസ്താവനയില്ലെങ്കിൽ പാക്ക് നിലപാടിനു പിന്തുണ സൂചിപ്പിക്കുന്ന ഒരു ട്വീറ്റെങ്കിലും ഇടാനും അഭ്യർഥനയുണ്ട്.
തുർക്കി ഇതിൽ പാക്കിസ്ഥാനെ തുണയ്ക്കാനാണു സാധ്യത. അതേസമയം, മലേഷ്യയുടെ നിലപാട് അറിയാനാണ് ഇന്ത്യ കാത്തുനില്‍ക്കുന്നത്. ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപറേഷനിൽ അംഗങ്ങളായ രാജ്യങ്ങളുടെയും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുടേയും പിന്തുണയ്ക്കായി ഐഎസ്ഐയോടൊപ്പം പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും ശ്രമം തുടരുന്നുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം രൂപം കൊണ്ട റെസിസ്റ്റന്റ് ഫ്രണ്ട് എന്ന ഭീകര സംഘടനയെ ഈ ദിവസം ആക്രമണങ്ങൾ നടത്താൻ ഐഎസ്ഐ ഉപയോഗിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ചടങ്ങുകള്‍ക്കിടെ ഭീകരാക്രമണം നടത്താൻ ഐഎസ്ഐ ലക്ഷ്യമിടുന്നതായി ഇതിനകം തന്നെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ നിരവധി നേതാക്കൾ അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ പദ്ധതിയിടുന്നതിനാൽ കനത്ത ജാഗ്രതയിലാണ് രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾ.
ഡൽഹിയിലെ സ്വാതന്ത്ര്യ ദിന പരിപാടികൾക്കിടെ ഭീകരാക്രമണം നടത്താനുള്ള സാധ്യതയും ഇന്ത്യന്‍ ഇന്റലിജൻസ് ഏജൻസികൾ കാണുന്നു. ഇതിനായി ലഷ്കർ, ജയ്ഷെ ഭീകരരെ ഐഎസ്ഐ ഇന്ത്യയിലേക്കു കടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരൻമാരെ മൂന്ന് മുതൽ അഞ്ച് വരെയുള്ള സംഘങ്ങളായാണ് ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യയിലെ ആഭ്യന്തര പ്രശ്നം എന്ന രീതിയിൽ ചിത്രീകരിക്കുന്നതായി വിവിധ ഇടങ്ങളിൽ ഒരുമിച്ച് ഭീകരാക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അയോധ്യ, ജമ്മു കശ്മീർ, ന്യൂഡൽഹി എന്നിവിടങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഇവിടങ്ങളിൽ സുരക്ഷയും വര്‍ധിപ്പിച്ചു.
Leave a Comment