നടന്‍ അനിൽ മുരളി അന്തരിച്ചു

കൊച്ചി: ചലച്ചിത്ര താരം അനിൽ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment