കൊച്ചി: ആലപ്പുഴ കണ്ണര്‍കാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട് കൃഷ്ണപിള്ളയുടെ പ്രതിമയ്ക്ക് കേടുവരുത്തിയ കേസില്‍ എല്ലാ പ്രതികളേയും വെറുതേവിട്ടു. വി.എസ്.അച്യുതാന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിട്ടത്. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധിപറഞ്ഞത്.
വി.എസ്.അച്യുതാന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന എസ്.എഫ്.ഐ. മുന്‍ നേതാവും കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയായ ലതീഷ് ബി. ചന്ദ്രനായിരുന്നു കേസില്‍ ഒന്നാം പ്രതി. സി.പി.എം. കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി.സാബു രണ്ടാംപ്രതിയാണ്. സി.പി.എം. അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍.
2013 ഒക്ടോബര്‍ 31-ന് പുലര്‍ച്ചേ 1.30-നാണ് സഖാവ് പി.കൃഷ്ണപിള്ള അവസാന നാളുകള്‍ ചെലവിട്ട ചെല്ലി കണ്ടത്തില്‍ വീടിന് തീപിടിച്ചത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട്, ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ അഞ്ചു പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളെയെല്ലാം അന്ന് തന്നെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. ആകെ 72 സാക്ഷികള്‍ ഉണ്ടായിരുന്നു. സി.പി.എം. നേതാക്കളായ സജി ചെറിയാന്‍ എം.എല്‍.എ., സി.ബി.ചന്ദ്രബാബു ഉള്‍പ്പെടെ 59 സാക്ഷികള്‍ കേസില്‍ മൊഴി നല്‍കിയിരുന്നു.
സിപിഎമ്മിലെ വിഭാഗീയതയാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വിഭാഗീയതയെ തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു സ്മാരകം തകര്‍ത്തതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.
Leave a Comment