കോട്ടയത്തിൻ്റെ മലയോര മേഖലകളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം ഇന്നലെ പെയ്ത കനത്ത മഴയിൽ എളംകുളം, എറണാകുളം വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ആളുകളെ മാറ്റി താമസിപ്പിച്ചു. എളംകുളം മദർ തെരേസ കമ്യൂണിറ്റി ഹാളിലും കടവന്ത്ര ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്. കമ്യൂണിറ്റി ഹാളിൽ 10 കുടുംബങ്ങളാണുള്ളത്. 22 പുരുഷന്മാരും 13 സ്ത്രീകളും 10 കുട്ടികളുമുൾപ്പടെ 45 ആളുകളാണ് ഇവിടെയുള്ളത്. കടവന്ത്ര സ്കൂളിൽ മൂന്ന് കുടുംബങ്ങൾ ആണുള്ളത്. രണ്ട് പുരുഷന്മാരും ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ 10 പേർ ഇവിടെയുണ്ട്. പി ആന്റ് ടി, ഉദയാ കോളനികൾ, പെരുമാനൂർ കോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് നടപടികൾ സ്വീകരിച്ചത്‌. കോർപ്പറേഷൻ ഹെൽത് ഇൻസ്പെക്ടറും ഐ.എ.ജി മെമ്പർമാരും സ്ഥലത്ത് എത്തി.

കളമശ്ശേരിയിൽ വട്ടേക്കുന്നം പി.എച്ച്.സി റോഡ് ഇടിഞ്ഞതിനെ തുടർന്ന് പോലീസിൻ്റെയും ഫയർഫോഴ്സി റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. താഴേക്കു വീണ വാഹനങ്ങൾ മണ്ണിനടിയിൽ നിന്നും പുറത്തെടുത്തു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തകർന്ന വൈദ്യുതി പോസ്റ്റുകളും നീക്കം ചെയ്തു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സനിൽകുമാർ, ബി.കെ.ശ്രീമതി, നിധീന ബി.മേനോൻ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കെട്ടിടം. വാടകക്കാരായിരുന്നു താമസക്കാർ. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പുറകുവശമാണ് ഇടിഞ്ഞത്. കെട്ടിടത്തിൻ്റെ പോർച്ച് വരെയുള്ള ഭാഗം വിള്ളൽ വീണ നിലയിലാണ്. സമീപത്തുള്ള കെട്ടിടത്തിനും അപകട ഭീഷണി ഉള്ളതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് താമസക്കാരെ ഒഴിപ്പിച്ചു.

പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ വില്ലേജിൽ മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കണിയാം കുന്നിലെ ചരിവ്പറമ്പ് വീട്ടിൽ തങ്കമ്മ, പുതുവൽ പറമ്പ് വീട്ടിൽ നൗഷർ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

ഇടമലയാർ ഡാമിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. 137.1 മീറ്റർ ആണ് ഇന്നലത്തെ ജലനിരപ്പ് . ഡാമിൻ്റെ പൂർണ സംഭരണ ജലനിരപ്പ് 169 മീറ്ററും പരമാവധി ജലനിരപ്പ് 171 മീറ്ററും ആണ്.

pathram desk 2:
Related Post
Leave a Comment