തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ റിലീസ് ചെയ്താല്‍ മതിയെന്ന് തീരുമാനം

തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രമേ നെറ്റ്ഫ്ലിക്സും ആമസോൺ ​പ്രൈമും ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്​ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യാവൂ എന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. കൊച്ചിയിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.

സിനിമകൾ തിയറ്ററർ റിലീസ് ചെയ്യാൻ സെൻസറിങ്ങിന് അയക്കണമെങ്കിൽ ഫിലിം ചേംബർ രജിസ്ട്രേഷൻ ആവശ്യമാണ്. ഒടിടി റിലീസിങ് സംബന്ധിച്ച പുതിയ മാനദണ്ഡം അംഗീകരിച്ച് അഫിഡവിറ്റ് നൽകുന്നവർക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ.

കോവിഡ് വ്യാപനത്തെ തുടർന്ന് തിയറ്ററുകൾ അടച്ചതോടെ ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ഉൾപ്പെടെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത് വിവാദമായിരുന്നു. തിയറ്റർ ഉടമകളും നിർമാതാക്കളും ഈ നീക്കത്തെ എതിർത്തപ്പോൾ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി ഉൾപ്പെടെയുള്ളവർ അനുകൂലിച്ചും രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബറിന്റെ തീരുമാനം വന്നിരിക്കുന്നത്.

നിലവിൽ ഒടിടി റിലീസിന് സെൻസറിങ് ആവശ്യമില്ലാത്തതിനാൽ അവയ്ക്ക് ഫിലിം ചേംബർ രജിസ്ട്രേഷൻ ആവശ്യമില്ല. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ തകർച്ച നേരിടുന്ന സിനിമാ വ്യവസായത്തിന് ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ കേന്ദ്രസർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ ഒടിടി റിലീസിന് സമാനമായി തിയറ്റർ റിലീസിങ്ങിനും സെൻസറിങ് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മറുഭാഗത്ത് ഒടിടി പ്ലാറ്റ്ഫോമുകൾക്കും സെൻസറിങ് ഏർപ്പെടുത്തണമെന്ന ആവശ്യവും നിലവിൽ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചുമത്തുന്ന അധിക നികുതികൾ ഒഴിവാക്കുക, ടിക്കറ്റിൻമേലുള്ള ജിഎസ്ടിയിൽ ഗണ്യമായ ഇളവുകൾ അനുവദിക്കുക, സിനി വെൽഫയർ ഫണ്ടെന്ന പേരിൽ നിർമാതാക്കളിൽ നിന്ന് ഈടാക്കിയ ശേഷം കെട്ടിക്കിടക്കുന്ന പണം ചലച്ചിത്ര മേഖലയുടെ പുനരുജ്ജീവനത്തിനായി വിനിയോഗിക്കുക തുടങ്ങിയവയാണ് കേന്ദ്ര സർക്കാരിന് നൽകിയി​രിക്കുന്ന നിവേദനത്തിലെ മറ്റു പ്രധാന ആവശ്യങ്ങള്‍.

ചലച്ചിത്ര നിർമാണച്ചിലവ് കുറയ്ക്കാനായി കേരള ഫിലിം ചേംബറിലെ രജിസ്ട്രേഷൻ ഫീസ് 40 ശതമാനം കുറവ് വരുത്താനും ഇന്നത്തെ ഭരണസമിതി യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് ഒന്നു മുതൽ ഇളവ് നിലവിൽ വരുമെന്നും നിലവിലെ സാഹചര്യത്തിൽ തിയറ്ററുകൾ തുറക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.

follow us: PATHRAM ONLINE

pathram:
Leave a Comment