സുശാന്തിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബ വക്കീൽ: പ്രതീക്ഷിക്കുന്നത് പെണ്‍സുഹൃത്തിന്‍റെ അറസ്റ്റ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ എഫ്‌ഐആർ എടുക്കാൻ പോലും മുംബൈ പൊലീസ് തയാറായില്ലെന്ന് സുശാന്തിന്റെ കുടുംബ വക്കീൽ വികാസ് സിംഗ്. വൻബാനറിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ ഹൗസുകളുടെ പേര് പറയാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും ആരോപിച്ചു. അതേസമയം മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. നടി റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി റജിസ്റ്റർ ചെയ്ത കേസിൽ പട്‌ന പൊലീസ് അന്വേഷണം ഊർജിതമാക്കി.

നടന്റെ കുടുംബ വക്കീലായ വികാസ് സിംഗ് സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുംബൈ പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. മുംബൈ പൊലീസ് സുശാന്ത് സിംഗിന്റെ കുടുംബത്തെ സമ്മർദത്തിലാക്കുകയാണ്. അന്വേഷണം മറ്റൊരു വഴിക്കാണ് കൊണ്ടുപോകുന്നത്.

പ്രൊഡക്ഷൻ ഹൗസുകളുടെ പങ്കിനെ കുറിച്ച് പറയാൻ തങ്ങളുടെ പക്കൽ ഒന്നുമില്ല. റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്യുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. നടന്റെ അച്ഛന്റെ പരാതിയിലാണ് സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പട്‌ന പൊലീസ് കേസെടുത്തത്.

അതേസമയം, റിയ ചക്രവർത്തി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. നടൻ ശേഖർ സുമൻ, ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി തുടങ്ങി ഒട്ടേറെ പ്രമുഖരും സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ്. എന്നാൽ, നടന്റെ കുടുംബം ഇതുവരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബോളിവുഡിലെ ഉന്നതർ അടക്കം നാൽപതോളം പ്രമുഖരുടെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment