വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരം: തവിഞ്ഞാല്‍ വാളാട് പ്രദേശത്ത് 26 പേര്‍ക്ക് കൂടി കോവിഡ്

വയനാട്: നേരത്തെ 50 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ച വയനാട്ടിലെ തവിഞ്ഞാല്‍ വാളാട് പ്രദേശത്ത് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മരണാന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും ഇവരുമായി സമ്പര്‍ക്കത്തില്‍ പെട്ട ബന്ധുക്കള്‍ക്കുമാണ് വൈറസ് വ്യാപനം. തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും നിയന്ത്രിത മേഖലയാണ്.

വയനാട് ജില്ലയില്‍ തന്നെ സമ്പര്‍ക്കത്തിലൂടെ രോഗബാധ കൂടുതല്‍ ഉണ്ടായിട്ടുള്ള പ്രദേശമാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്. വയനാട് ജില്ലയില്‍ ഇന്നലെ 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. ഇന്ന് കൂടുതല്‍ പരിശോധന നടക്കും.

ബത്തേരിയിലെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടയില്‍ അതിഥി തൊഴിലാളികളുടെ മടങ്ങിവരവ് തടയണമെന്ന ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. കുളച്ചലില്‍ നിന്നെത്തിയ 28 മത്സ്യത്തൊഴിലാളികളില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ മാസം 31 ഓടെ ട്രോളിംഗ് നിരോധനം അവസാനിക്കുന്ന സാഹചര്യത്തിലാണ് അതിഥി തൊഴിലാളികള്‍ മടങ്ങിവരുന്നത്.

കുളച്ചലില്‍ നിന്നും ബേപ്പൂരില്‍ എത്തിയ തൊഴിലാളികളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ എത്തുന്നത് ഹാര്‍ബറിലും മറ്റും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. എന്നാല്‍ റജിസ്റ്റര്‍ ചെയ്ത് റോഡ് മാര്‍ഗ്ഗമാണ് ഇവര്‍ വരുന്നതെന്നാണ് അവര്‍ പറയുന്നത്.

pathram:
Leave a Comment