ശിവശങ്കറില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ചത് നിര്‍ണായകവിവരങ്ങള്‍; ചതിയില്‍പ്പെടുത്തി, ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി, അന്വേഷണം മറ്റു സ്ഥാപനങ്ങളിലേയ്ക്കും

കൊച്ചി : ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സ്വര്‍ണക്കടത്തു സംഘം ചതിയില്‍പ്പെടുത്തിയെന്നു സംശയം. എന്‍ഐഎയുടെ മാരത്തണ്‍ ചോദ്യം ചെയ്യലിനിടയില്‍ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഈ സൂചന നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവര്‍ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായും സൂചന.

ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാര്‍ട്ടികള്‍ക്കിടയില്‍ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാര്‍ട്ടികള്‍ക്കിടയില്‍ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓര്‍മിക്കാന്‍ കഴിയുന്നില്ല. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികള്‍ സ്വപ്നയുടെ അയല്‍വാസികളും അന്വേഷണ സംഘത്തിനു നല്‍കിയിട്ടുണ്ട്.

കുടുംബവീട്ടില്‍ നിന്നു മാറി ഫ്‌ലാറ്റില്‍ താമസിക്കാന്‍ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയില്‍ അന്വേഷണ സംഘത്തോടു വിവരിക്കാന്‍ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താല്‍പര്യങ്ങളും പ്രതികള്‍ മുതലെടുത്തതായി ചില സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നല്‍കി.

ശിവശങ്കറിനു പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരമൊരു തുറന്നു പറച്ചില്‍ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു തവണ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ നിയമതടസ്സമില്ല.

follow us pathramonline

pathram:
Related Post
Leave a Comment