സൈക്കിളുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ വില്‍പന; ഓണ്‍ലൈനില്‍ തന്നെ കുടുക്കി പോലീസിന്റെ തന്ത്രപരമായ നീക്കം

ആലുവ: വില കൂടിയ സൈക്കിളുകൾ മോഷ്ടിച്ച് ഓൺലൈൻ മാർക്കറ്റ്പ്ലേസായ ഒ.എൽ.എക്സ്. വഴി വിൽപന നടത്തുന്ന വിരുതനെ ഓൺലൈൻ വഴി തന്നെ കുടുക്കി പോലീസ്. ആലുവ നസ്രത്ത് സ്വദേശി എഡ്വിനെയാണ് (22) ആലുവ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വില കൂടിയ സൈക്കിളുകൾ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നയാളാണ് എഡ്വിനെന്നാണ് സൂചന. ആലുവ നഗരത്തിൽ നിന്നുമാത്രം മൂന്ന് സൈക്കിളുകൾ ഇയാൾ മോഷ്ടിച്ചതായി പോലീസിന് പറയുന്നു. മോഷ്ടിച്ച സൈക്കിളുകൾ ചൂണ്ടി സ്വദേശിയായ ഒരാളെ ഇടനിലക്കാരനാക്കി ഒ.എൽ.എക്സിലൂടെ വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്.

സൈക്കിൾ നഷ്ടപ്പെട്ട ഒരാൾ തന്റെ സൈക്കിൾ ഒ.എൽ.എക്സിൽ വിൽപനയ്ക്കിട്ടിരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് സൈക്കിൾ വാങ്ങാനെന്ന വ്യാജേന ഇടനിലക്കാരനെ സമീപിക്കുകയും അയാൾ വഴി യഥാർത്ഥ മോഷ്ടാവിനെ കണ്ടെത്തുകയുമായിരുന്നു.

എഡ്വിന്റെ വീട്ടിൽ നിന്നും മോഷ്ടിച്ച സൈക്കിളുകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഇത്തരത്തിലുള്ള കൂടുതൽ മോഷണങ്ങളും വിൽപനയും നടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.

Follow us on pathram online latest news

pathram desk 2:
Leave a Comment