പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ട് ഇന്ത്യ അഞ്ച് റഫാൽ പോർവിമാനങ്ങൾ അംബാല വ്യോമതാവളത്തിൽ വിന്യസിക്കും മുന്‍പെ പാക്കിസ്ഥാനും ചൈനയും ഒന്നിച്ച് ഇന്ത്യക്കെതിരെ നീക്കം തുടങ്ങി. ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെയാണ് അതിർത്തി പ്രദേശത്ത് പാക്കിസ്ഥാൻ വ്യോമസേനയുടെ പരിശീലനവും ജെ–17 പോര്‍വിമാനങ്ങളുടെ വിന്യസിക്കലും.
അധിനിവേശ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിലെ സ്കാർഡു വ്യോമസേനാ താവളത്തിലാണ് പാക്കിസ്ഥാൻ വ്യോമസേന സൈനികാഭ്യാസം നടത്തുന്നത്. അഭ്യാസങ്ങൾ നടത്തിയ സ്കാർഡു വ്യോമതാവളത്തിൽ തന്നെയാണ് ചൈനീസ് നിർമിത ജെ -17 യുദ്ധവിമാനങ്ങളും പാക്കിസ്ഥാൻ വിന്യസിച്ചിരിക്കുന്നത്. അതിർത്തി പ്രദേശത്ത് ചൈനയ്ക്കെതിരെ ഇന്ത്യ നീക്കം ശക്തമാക്കിയതോടെയാണ് പാക്കിസ്ഥാനും അതിർത്തിയിലെ സൈനിക വിന്യാസം സജീവമാക്കിയിരിക്കുന്നത്.
ഈ വർഷം മെയ് മുതൽ ചൈനയുടെ നിർദേശപ്രകാരം പാക്കിസ്ഥാൻ സൈനികാഭ്യാസം നടത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ ചീഫ് ഓഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ മുജാഹിദ് അൻവർ ഖാൻ ജൂലൈ 24-25 തിയതികളിൽ ഈ താവളം സന്ദർശിച്ചിരുന്നു. സഖ്യകക്ഷികളായ പാക്കിസ്ഥാനും ചൈനയും യഥാക്രമം ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് ഭാഗങ്ങളിൽ നിന്ന് ആക്രമണം നടത്താനാണ് നീക്കം നടത്തുന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കസ്ഥാൻ സൈന്യം തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്നുണ്ട്.
സ്കാർഡു വ്യോമതാവളത്തിലെ പാക്കിസ്ഥാന്റെ സൈനികാഭ്യാസത്തെക്കുറിച്ച് ഇന്ത്യയ്ക്ക് പൂർണമായ ധാരണയുണ്ടെന്ന് ഡൽഹിയിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയും സൈന്യവും പാക്കിസ്ഥാൻ വ്യോമസേനയുടെ മുന്നേറ്റത്തെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. പാക്കിസ്ഥാൻ വ്യോമസേനയുടെ ഫോർവേഡ് ഓപ്പറേറ്റിങ് വ്യോമതാവളമാണ് സ്കാർഡു. ഇന്ത്യയുടെ അതിർത്തിയിലെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടാണ് പാക്ക് വ്യോമസേന സ്കാർഡു വ്യോമതാവളം ഉപയോഗിക്കുന്നത്.
Leave a Comment