കൊവിഡ് രോഗം ഭേദമായി; പക്ഷേ പണി പോയി

കൊവിഡ് വ്യാപനം ഓരോ ദിവസവും കൂടിക്കൊണ്ട് ഇരിയ്ക്കുകയാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമൊക്കെയാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത്. കൊവിഡ് രോഗം വന്ന് ഭേദമായവരെ സന്തോഷത്തോട് കൂടിയാണ് ഏവരും സ്വാഗതം ചെയ്യുന്നത്. എന്നാല്‍ തമിഴ്നാട് സ്വദേശിയായ രാധമ്മയുടെ അനുഭവം മറിച്ചായിരുന്നു. കൊവിഡ് രോഗം ഭേദമായ രാധമ്മയെ ജോലിക്കു തിരിച്ചെടുക്കാന്‍ തൊഴിലുടമ തയാറാകാതിരിക്കുകയായിരുന്നു.

ചെന്നൈയില്‍ കെകെ നഗറില്‍ ഒരു പാര്‍പ്പിട സമുച്ചയത്തിലായിരുന്നു കഴിഞ്ഞ 10 വര്‍ഷമായി രാധ ജോലി ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഒരു മാസം ജോലിക്കു പോകാനായില്ല. തിരിച്ചുചെന്നപ്പോഴാണ് രാധയെ ജോലിക്കുവച്ചാല്‍ വീട്ടുകാര്‍ക്കും കോവിഡ് ബാധിക്കുമെന്ന് പറഞ്ഞ് അവരെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടത്. സ്റ്റേഷനില്‍ എത്തിയ ഒരു ടെലിഫോണ്‍ കോളില്‍ നിന്ന് സംഭവം അറിഞ്ഞതോടെ ടി നഗറിലെ പൊലീസ് കമ്മിഷണര്‍ ഹരി കിരണ്‍ വിഷയത്തില്‍ ഇടപെട്ടു.

രാധമ്മയ്ക്ക് സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞെങ്കിലും അവര്‍ അത് നിഷേധിക്കുകയായിരുന്നു. തനിക്കു വേണ്ടത് പണമല്ലെന്നും ജോലിയാണെന്നുമാണ് അവര്‍ പറഞ്ഞത്. ഒറ്റയ്ക്ക് ജീവിയ്ക്കുന്ന തനിക്ക് സഹായിക്കാന്‍ മറ്റാരുമില്ലെന്നും രാധ പറഞ്ഞു. ഇതോടെ ഹരി കിരണ്‍ രാധമ്മ ജോലി ചെയ്യുന്ന അപാര്‍ട്മെന്റില്‍ എത്തി ഉടമസ്ഥരോടു സംസാരിച്ചു. ഒരിക്കല്‍ കോവിഡ് ബാധിച്ചു എന്നുവച്ച് അവര്‍ രോഗവാഹികളല്ലെന്ന് അദ്ദേഹം ബോധവത്കരണം നടത്തി.

എന്നാല്‍, രാധമ്മ ജോലിക്കു വരാതിരുന്നതോടെ തങ്ങള്‍ വേറെ ആളെ ഏര്‍പ്പാടാക്കുകയായിരുന്നുവെന്നും അവരെ പിരിച്ചുവിടാനാകാത്ത അവസ്ഥയിലാണെന്നും വീട്ടുകാര്‍ പറഞ്ഞു. ജോലിക്ക് അടുത്ത ഒഴിവ് വരുമ്പോള്‍ രാധമ്മയെ തിരിച്ച് ജോലിക്ക് എടുക്കാമെന്നും ഉടമസ്ഥര്‍ ഉറപ്പു നല്‍കി. ഇതോടെ 10 വര്‍ഷം ജോലി ചെയ്ത അതേ പാര്‍പ്പിട സമുച്ചയത്തില്‍ വീണ്ടും ജോലിചെയ്യാന്‍ ഇനിയും സാധിക്കുമെന്ന സന്തോഷത്തിലാണ് രാധമ്മ.

pathram:
Leave a Comment