വാക്സിനുകൾ വിജയത്തിലേക്ക്, 700 കോടി പേര്‍ക്ക് എത്തിക്കാൻ ചർച്ച തുടങ്ങി, വൻ വെല്ലുവിളി

ഒരു പക്ഷേ, ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ‘നിധി’ തേടുകയാണ് കൊറോണവൈറസ് ഗവേഷകര്‍. അവര്‍ അതില്‍ വിജയിച്ചാലും ലോകത്തിനു രോഗമുക്തി ലഭിക്കണമെങ്കില്‍ പിന്നെയും കടമ്പനകള്‍ പലതും കടക്കേണ്ടിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വിമാനങ്ങള്‍, കപ്പലുകള്‍, ട്രക്കുകള്‍ അങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെയാണ് ലോകത്തെ ചരക്കു നീക്കം സുഗമമായി നടക്കുന്നത്. എന്നാല്‍, കൊറോണാവൈറസിനുള്ള വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചാലും 700 കോടിയിലേറെ ഡോസുകള്‍, മരുന്നു നിര്‍മാണ കമ്പനികളില്‍ നിന്ന് ശേഖരിച്ച്, ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കുക എന്നത് ഐതിഹാസികമായ ഒരു വെല്ലുവിളിയായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഹാവ്യാധി ചരക്കു നീക്കം നടത്തുന്ന പല കമ്പനികളുടെയും നടുവൊടിച്ചുകഴിഞ്ഞു. വൈറസ് ബാധയ്ക്കു മുൻപ് ഉണ്ടായിരുന്നതിനെക്കാള്‍ കുറച്ചു കപ്പലുകളും വിമാനങ്ങളുമൊക്കെയാണ് ഇപ്പോള്‍ സേവനം നടത്തുന്നത്. അതു പോരെങ്കില്‍ എന്നാണ് വാക്‌സിന്‍ പുറത്തിറക്കുക എന്ന കാര്യത്തിലും ഒരു തീര്‍ച്ചയുമില്ല. എളുപ്പത്തില്‍ പൊട്ടിപ്പോകാവുന്ന കുപ്പികളില്‍ നിറച്ചായിരിക്കാം വാക്‌സിനുകള്‍ വിതരണത്തിനെത്തുക. ഇവ സൂക്ഷിച്ചു കൈകാര്യം ചെയ്‌തേ മതിയാകൂ. മുൻപൊരിക്കലും ഏര്‍പ്പെട്ടിട്ടില്ലാത്ത, ചിന്തിച്ചിട്ടില്ലാത്ത അത്ര വിപുലമായ മുന്നൊരുക്കത്തോടു കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഈ വെല്ലുവിളി നേരിടാൻ സാധിക്കൂ.

അതിവേഗം വാക്‌സിന്‍ വികസിപ്പിക്കുക എന്നത് ഒട്ടും സാധ്യമല്ല. എന്നാല്‍, അത്രയ്ക്കില്ലെങ്കിലും ലോകമെമ്പാടും അത് എത്തിച്ചു നല്‍കുക എന്നതും ആയാസകരവും സങ്കീര്‍ണവുമായ പ്രക്രീയയാണ്. നിരവധി പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പല അടിസ്ഥാന സൗകര്യങ്ങളും ശോഷിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ചരക്കു ഗതാഗത കമ്പനികളിലൊന്നായ ഫ്‌ളെക്‌സിപോര്‍ട്ടിന്റെ മേധാവി നീല്‍ ജോണ്‍സ് പറയുന്നത് തങ്ങള്‍ അതിനു സജ്ജമല്ല എന്നാണ്. സത്യം പറയട്ടേ. പിപിഇ കിറ്റുകള്‍ (സര്‍ജിക്കല്‍ മാസ്‌കുകളും, ഗ്ലൗസുകളും മറ്റും) എത്തിച്ചുകൊടുക്കുന്നതു പോലെയുള്ള ഒരു പ്രക്രീയയല്ല വാക്‌സിന്‍ എത്തിച്ചുകൊടുക്കല്‍. പിപിഇ കിറ്റുകള്‍ എവിടെയെങ്കിലും രണ്ടു ദിവസത്തേക്കു കിടന്നെന്നു കരുതി അതിന് കുഴപ്പം വരണമെന്നില്ല. എന്നാല്‍, അങ്ങനെ കിടന്നാല്‍ വാക്‌സിന്‍ നശിക്കും. ബോയിങ് കമ്പനിയുടെ 777 ചരക്കു വിമനത്തിന് ഏകദേശം 10 ലക്ഷം ഡോസ് വാക്‌സിന്‍ ഒരു സമയത്ത് വഹിക്കാനായേക്കുമെന്നാണ് എമിറെയ്റ്റ്‌സ് സ്‌കൈകാര്‍ഗോയുടെ ജൂലിയല്‍ സച്ച് കണക്കുകൂട്ടുന്നത്. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് വേണ്ടതെങ്കില്‍ അതു ലോകമെമ്പാടും എത്തിക്കണമെങ്കില്‍ ഏകദേശം 8000 വിമാനങ്ങള്‍ക്കു വഹിക്കാവുന്ന അത്രയുണ്ടാകും മരുന്ന്.

അതു ചെയ്യാവുന്ന കാര്യമേയുള്ളു. എന്നാല്‍, ആഗോള തലത്തില്‍ വ്യക്തമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച ശേഷം മാത്രമായിരിക്കണം നീക്കം എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുൻപൊരു കാര്യത്തിലും വേണ്ടിവന്നിട്ടില്ലാത്ത അത്ര ഒത്തൊരുമോയോടെ വേണം നീങ്ങാന്‍. പാസഞ്ചര്‍ വിമാനങ്ങളെ ചരക്കു നീക്കത്തിനായി ഒരുക്കുക എന്നത് ഇപ്പോള്‍ ചെയ്യാവുന്ന കാര്യങ്ങളിലൊന്നാണ്. വൈദ്യോപകരണങ്ങള്‍ മുതല്‍ മരുന്നുകൾ വരെ എത്തിച്ചുകൊടുക്കാന്‍ വേണ്ട രീതിയിലുള്ള ക്രമീകരണങ്ങള്‍ വരുത്താം. എമിറെയ്റ്റ്‌സ് എഴുപത് 777 യാത്രാ വിമാനങ്ങളെ ചരക്കു നീക്കത്തിന് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

വാക്‌സിന്റെ കാര്യത്തില്‍ ശീതീകരണവും വേണ്ടിവന്നേക്കും. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുമ്പോള്‍, വികസിപ്പിക്കപ്പെടുന്ന വാക്‌സിന്‍ 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടതായിരിക്കാം അതെന്നാണ് വിദഗ്ധ മതം. ചില പുതിയ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ചിലപ്പോള്‍ മൈനസ് 80 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടിവരും. അതിനു സാധിച്ചില്ലെങ്കില്‍ വാക്‌സിന്‍ കൊണ്ട് ഒരു ഗുണവും കിട്ടണമെന്നില്ലെന്നും പറയുന്നു. അപ്പോഴാണ് കൂടതല്‍ ചോദ്യങ്ങള്‍ ഉയരുന്നത് – ഇത്രയും സൂക്ഷ്മത വേണ്ട, ചെലവേറിയ രീതികളുപയോഗിച്ച് കൊണ്ടുപോകേണ്ട വാക്‌സിന്‍ എങ്ങനെയാണ് ഉള്‍പ്രദേശങ്ങളിൽ എത്തിക്കാനാകുക? ഇത്തരം പല സ്ഥലങ്ങളിലും മരുന്ന് എത്തിക്കുന്നത് ഡ്രോണുകൾ ഉപയോഗിച്ചാണ് എന്നതും മനസില്‍ വയ്ക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്തായാലും കൂട്ടായ പരിശ്രമം മാത്രമായിരിക്കും ഉത്തരം. വാക്‌സിന്‍ വികസിപ്പിക്കുന്നവര്‍ എന്തെല്ലാമായിരിക്കും നിഷ്‌കര്‍ഷിക്കുക എന്നതിനു ചെവിയോര്‍ക്കുകയാണിപ്പോള്‍.

ഫ്‌ളെക്‌സ്‌പോര്‍ട്ട് പല വാക്‌സിന്‍ നിര്‍മാതാക്കളോടും ഇതേക്കുറിച്ചു ചോദിച്ചുവെങ്കിലും ഇക്കാര്യത്തിലൊക്കെ വ്യക്തത വരണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് അവരെത്തിച്ചേര്‍ന്ന നിഗമനം. ആളുകള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ എങ്ങനെ വാക്‌സിന്‍ എത്തിച്ചുകൊടുക്കാമെന്നത് ഒരു പ്രശ്‌നം തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 160 ലേറെ വാക്‌സിനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമായി ഇപ്പോള്‍ നടക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും മുന്നോട്ടു പോയ കമ്പനികള്‍ ഈ വര്‍ഷം അവസാനത്തേക്ക്, അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാവുന്നത് എന്നൊരു സാക്ഷ്യപത്രമെങ്കിലും അധികാരികളില്‍ നിന്ന് തരപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. ഇത് അത്യാസന്ന നിലയിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരിക്കാം നല്‍കുക.

ഇതിനു ശേഷമായിരിക്കും ജനകോടികള്‍ക്ക് വാക്‌സിന്‍ എത്തിച്ചുകൊടുക്കുക എന്ന വമ്പന്‍ വെല്ലുവിളി ഉയരുന്നത്. പല സമ്പദ്‌വ്യവസ്ഥകളെയും വൈറസ് മൂക്കു കുത്തിച്ചുകഴിഞ്ഞു. കോവിഡ്-19 മൂലം 633,000 ലേറെ ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു കഴിഞ്ഞു. എന്നാല്‍, യാഥാര്‍ഥ്യബോധത്തോടെ ചിന്തിച്ചാല്‍ മനസിലാക്കാനാകുക വാക്‌സിന്‍ വരാനുള്ള സാധ്യത ഇപ്പോള്‍ കാണാനാകുന്നത് 2021ല്‍ എപ്പോഴെങ്കിലുമായിരിക്കും. ഇപ്പോള്‍ വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനികളും വാക്‌സിന്‍ നിര്‍മാണ ഫാക്ടറികളും തമ്മില്‍ കരാറുകള്‍ ഒപ്പുവയ്ക്കുന്ന തിരക്കിലാണ്. പല വാക്‌സിനുകളും പരീക്ഷണഘട്ടത്തില്‍ മാത്രമാണുള്ളത്. അംഗീകരിക്കപ്പെട്ട വാക്‌സിന്‍ വികസിപ്പിച്ചാലും അത് ഉണ്ടാക്കിയെടുക്കുക എന്നത് വലിയൊരു പരിശ്രമം വേണ്ട കാര്യമായിരിക്കും. അതിനേക്കാളേറെ പ്രശ്‌നമുള്ള കാര്യമായിരിക്കാം അതിന്റെ ശക്തി ചോരാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് കുത്തിവയ്ക്കുക എന്നത്.

പലരും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തലാണ് പ്രശ്‌നമെന്നു കരുതുന്നു. അതു സാധ്യമായാല്‍ പോലും വിതരണമെന്നത് ലോകം നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരിക്കും. എല്ലാവര്‍ക്കും വാക്‌സിന്‍ വിജയകരമായി എത്തിച്ചു കുത്തിവയ്ക്കാനാകുന്നില്ലെങ്കില്‍ രോഗ ഭീഷണി നിലനില്‍ക്കുമെന്ന കാര്യം വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ അടയ്ക്കലും തുറക്കലും മുറയ്ക്കു നടക്കുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈന പോലെയുള്ള വലിയ വാണിജ്യ ഹബുകളില്‍ നിന്നുള്ള ഒഴുക്ക് പഴയപടിയാകണമെങ്കില്‍ കാലതാമസമെടുക്കും.

എന്താണ് പ്രതീക്ഷിക്കാവുന്നത് എന്നറിയാത്തപ്പോള്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. വാക്‌സിന്‍ പോലെയുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പനങ്ങള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാന്‍ ലോകത്ത് അധികം എയര്‍പോര്‍ട്ടുകള്‍ക്കാവില്ല. തുടരെ തുടരെ 20-30 വിമാനങ്ങള്‍ വാക്‌സിനുമായി ഇറങ്ങിയാല്‍ ഏതെല്ലാം വിമാനത്താവളങ്ങള്‍ക്കാണ് ഈ ഉല്‍പ്പന്നം അതീവ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാകുക? അമേരിക്കയ്ക്കു പോലു ഇതൊരു വെല്ലുവിളിയാണെന്നു പറയുന്നു. ചില സർക്കാരുകളുടെ തീരുമാനവും ലോകമെമ്പാടും വാക്‌സിനെത്തിക്കുക എന്ന അതീവ ശ്രമകരമായ ദൗത്യത്തിന് തടസമായേക്കാം. ആഗോള സഹകരണം ഇക്കാര്യത്തില്‍ അതിപ്രധാനമാണ്. സ്വകാര്യ മേഖലയ്ക്ക് വാക്‌സിന്‍ എത്തിച്ചുകൊടുക്കലും കുത്തിവയ്പ്പും സാധ്യമായില്ലെങ്കില്‍ സർക്കാരുകള്‍ ഗൗരവത്തോടെ ഇക്കാര്യത്തില്‍ ഇടപെടേണ്ടതായി വരും.

pathram desk 1:
Related Post
Leave a Comment