ന്യൂഡൽഹി: അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസർക്കാർ പരിഗണിക്കുന്നു. അതേസമയം സ്കൂളുകളിലും കോളജുകളിലും ഇനിയുള്ള ഘട്ടത്തിലും ഓൺലൈൻ ക്ലാസുകള്‍ മാത്രം മതിയെന്നാണു നിലപാടെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കപ്പാസിറ്റിയുടെ 25–30 ശതമാനം വരെ ഉപയോഗിച്ചു തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തിയേറ്റർ ഉടമകളുടെ അസോസ്യേഷൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തെ സമീപിച്ചിരുന്നു. സംഘടനയുടെ അഭ്യർഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അയച്ചു. ചില നിയന്ത്രണങ്ങളോടെയായിരിക്കും ജിംനേഷ്യങ്ങളുടെ പ്രവർത്തനം. മെട്രോയുടെ പ്രവര്‍ത്തനങ്ങൾ തുടങ്ങാൻ അനുമതി വേണമെന്ന ആവശ്യവുമായി ഡൽഹി സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
കോവിഡ് ഭീഷണിയെ തുടർന്ന് മാർച്ച് അവസാനത്തോടെയാണ് രാജ്യത്തെ തിയേറ്റർ, ജിംനേഷ്യം, സ്കൂൾ, കോളജ് എന്നിവ അടച്ചുപൂട്ടിയത്. ലോക്ഡൗൺ അവസാനിച്ചതിനു ശേഷം മാളുകൾ, മാർക്കറ്റുകൾ, പൊതുഗതാഗതം എന്നിവയ്ക്കു നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 14.35 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 32,771 പേർ മരിച്ചു.
FOLLOW US: pathram online
Leave a Comment