ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈ-ത്രൂപുട്ട് കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറണ്‍സിലൂടെയാണ് പ്രധാനമന്ത്രി ലാബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നോയിഡ, മുംബൈ, കെല്‍ക്കത്ത എന്നിവടങ്ങളിലാണ് പുതിയ ലാബുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
രാജ്യത്ത് നിലവില്‍ 11,000 കോവിഡ് പരിശോധനാ കേന്ദ്രങ്ങളും 11 ലക്ഷം ഐസലേഷന്‍ ബെഡുകളും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ ഇന്ന് ലോകത്ത് രണ്ടാം സ്ഥാനത്താണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷം എന്‍ 95 മാസ്‌കുള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡിനെതിരായ പോരാട്ടത്തില്‍ മാനവ വിഭവശേഷി സൃഷ്ടിക്കുന്നത് മുമ്പ് വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നണി പോരാളികളായി പോരാട്ടം നയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച ലാബുകള്‍ കോവിഡ് പരിശോധനയ്ക്ക് മാത്രമായി പരിമിതപ്പെടുത്തില്ല. ഭാവിയില്‍ ഹെപ്പറ്റൈറ്ററിസ് ബി, സി, എച്ച്.ഐ.വി, ഡെങ്കു പരിശോധനകള്‍ക്കായും ഈ ലാബുകള്‍ പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡിനെ നിയന്ത്രണ വിധേയമാക്കുന്നതില്‍ ഇന്ത്യ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറ്റ് വലിയ രാജ്യങ്ങളുമായി താരമത്യം ചെയ്താല്‍ ഇന്ത്യയില്‍ മരണനിരക്ക കുറവാണ്. അനുയോജ്യമായ സമയത്ത് ശരിയായ തീരുമാനം എടുത്തതിനാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
follow us: PATHRAM ONLINE
Leave a Comment