അമിതവണ്ണമുള്ളവരില്‍ കോവിഡ്19 അപകടകരമാകാമെന്ന് പഠനങ്ങള്‍. ശരീരത്തിന്റെ വിശപ്പും ചയാപചയവുമൊക്കെ നിയന്ത്രിക്കുന്ന, രോഗപ്രതിരോധ സംവിധാനവുമായി ബന്ധമുള്ള ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് അമിതവണ്ണക്കാര്‍ക്കു വിനയാവുകയെന്ന് ഇന്റര്‍നാഷനല്‍ ജേണല്‍ ഫോര്‍ ഒബിസിറ്റിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. ഈ ഹോര്‍മോണ്‍ തന്നെയാണ് അണുബാധയോടു പൊരുതുന്ന കോശങ്ങളെയും നിയന്ത്രിക്കുന്നത്. ശരീരത്തിലെ ഫാറ്റി കോശങ്ങളും ശ്വാസകോശത്തിലെ ചില കോശസംയുക്തങ്ങളുമാണ് ലെപ്റ്റിന്‍ ഉത്പാദിപ്പിക്കുന്നത്.
ഒരാള്‍ക്ക് എത്ര വണ്ണമുണ്ടോ അത്രയും കൂടുതല്‍ ലെപ്റ്റിന്‍ ശരീരത്തില്‍ കറങ്ങി നടക്കും. അമിത വണ്ണമുള്ളവരുടെ ശരീരത്തിലെ ലെപ്റ്റിന്‍ തോത് കൂടുതലായതിനാല്‍ അത് അവരുടെ കോവിഡ് അണുബാധയോടുള്ള പ്രതികരണത്തെ ബാധിക്കുമെന്ന് ഗവേഷണ പഠനത്തിന് നേതൃത്വം നല്‍കിയ കാന്‍ഡിഡ റെബെല്ലോ പറയുന്നു.
കൂടിയ തോതിലുള്ള ലെപ്റ്റിന്‍ ശ്വാസകോശങ്ങളിലെയും മറ്റിടങ്ങളിലെയും അണുബാധയോട് പൊരുതാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കും. അമിതവണ്ണമുള്ളവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ അവരുടെ കോവിഡ് പ്രതിരോധത്തെ ബാധിക്കുമെന്ന് സഹഗവേഷകനും പെനിങ്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജോണ്‍ കിര്‍വാനും അഭിപ്രായപ്പെടുന്നു.
അമിത വണ്ണമുള്ള ഒരാളുടെ ശ്വാസകോശമടക്കം നീര്‍ക്കെട്ട് വന്ന് വീര്‍ത്തിരിക്കും. ഇത്തരക്കാരുടെ പ്രതിരോധ സംവിധാനം ദുര്‍ബലവും ശ്വാസകോശത്തിന്റെ ശേഷി കുറഞ്ഞയളവിലുമാകും. ഇതിനൊപ്പം വൈറസും കൂടി വന്നാല്‍ അത് വലിയ അപകടം വരുത്താമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
30 ന് മുകളില്‍ ബോഡി മാസ് ഇന്‍ഡെക്സ് ഉള്ളവരില്‍ ശ്വാസകോശ തകരാറുകള്‍ക്കു സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് എന്‍ഡോക്രിനോളജിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ചൂണ്ടിക്കാട്ടിയിരുന്നു
Leave a Comment