ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആലുവയില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍: ചികിത്സ നിഷേധിച്ചത് വൈദ്യൂതിമുടങ്ങിയെന്ന ന്യായം പറഞ്ഞ്

കൊച്ചി: ആലുവ ജില്ലാ ആശുപത്രിയില്‍ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആംബുലന്‍സില്‍ എത്തിച്ചയാള്‍ ചികിത്സ കിട്ടാതെ മരിച്ചു. പുളിഞ്ചോട്ടിലെ ഫ്‌ലാറ്റില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന വിജയന്‍ എന്നയാളാണ് രാവിലെ പത്തുമണിക്ക് മരിച്ചത്. രാവിലെ ഒമ്പതു മണിയോടെ ഇദ്ദേഹത്തിന് കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്‌ലാറ്റിലുള്ളവര്‍ ആംബുലന്‍സ് വിളിച്ചു വരുത്തി ആശുപത്രിയിലേയ്ക്ക് അയയ്ക്കുകയായിരുന്നു.

ആംബുലന്‍സ് രോഗിയുമായി അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോള്‍ ശ്വാസംമുട്ടല്‍ ആണെന്ന് കണ്ട് കോവിഡ് ചികിത്സാ വിഭാഗത്തിലേക്കു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു. ജീവനക്കാര്‍ പിപിഇ കിറ്റ് ധരിച്ച് എത്തിയപ്പോഴേയ്ക്ക് വിജയന്‍ മരണത്തിനു കീഴടങ്ങി. ഏകദേശം 9.15ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച വിജയന് പത്തുമണി വരെയും ചികിത്സ ലഭിച്ചില്ലെന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു.

ശ്വാസംമുട്ടല്‍ കോവിഡ് മൂലമാണെന്ന സംശയത്തിലാണ് പനി ചികിത്സയ്ക്കു തയാറാക്കിയിട്ടുള്ള സ്ഥലത്തേക്കു പറഞ്ഞു വിട്ടത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. റെഡിസോണില്‍നിന്ന് രോഗലക്ഷണങ്ങളുമായി വരുന്നവര്‍ കോവിഡ് ഐസലേഷനിലേക്കാണ് പോകേണ്ടതെന്നും അതിനാലാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സ നല്‍കാതിരുന്നതെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

ആരോഗ്യ വകുപ്പിന്റെ വ്യക്തമായ നിര്‍ദേശപ്രകാരമാണ് ഇത് നടപ്പാക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസ് ജില്ലാ മെഡിക്കല്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടി. അതേസമയം ആംബുലന്‍സിലേക്ക് നടന്നു കയറിയ ആള്‍ ചികിത്സ കിട്ടാതെ മരിച്ചതിലെ ദുഃഖം ആംബുലന്‍സ് ജീവനക്കാരും പങ്കുവച്ചു.

pathram:
Related Post
Leave a Comment