ഓരോ സ്വര്‍ണക്കടത്തിനും 1500 യു.എസ് ഡോളര്‍ പ്രതിഫലം

കൊച്ചി : നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തുന്നതിനെക്കുറിച്ച് തിരുവനന്തപുരത്തെ യു.എ.ഇ മുന്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും അറിയാമായിരുന്നുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഓരോ സ്വര്‍ണക്കടത്തിനും 1500 യു.എസ് ഡോളര്‍(ഏതാണ്ട് 1,12,000രൂപ) വീതം ഇവര്‍ക്കു പ്രതിഫലം നല്‍കിയതായും സ്വപ്ന സുരേഷ് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

കോവിഡ് വ്യാപകമായതോടെ കോണ്‍സുലേറ്റ് ജനറല്‍ മടങ്ങിയതോടെയാണ് പകരം ചുമതലക്കാരനായെത്തിയ അറ്റാേെഷയെ സ്വര്‍ണക്കടത്തില്‍ പങ്കാളിയാക്കിയത്. 2019 ജൂലൈ മുതലാണ് സ്വര്‍ണക്കടത്ത് ആരംഭിച്ചത്. നയതന്ത്ര ബാഗേജിലൂടെ പരീക്ഷണാര്‍ത്ഥം ആദ്യം കുറഞ്ഞ അളവിലാണ് സ്വര്‍ണമെത്തിച്ചിരുന്നത്. ഇത് വിജയം കണ്ടതോടെ വലിയതോതിലെ സ്വര്‍ണം കടത്തി.
നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്താമെന്ന ആശയം കൊണ്ടുവന്നത് റമീസായിരുന്നുവെന്നും സ്വപ്ന കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. സ്വര്‍ണം കടത്തുന്നതിന് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായമുണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യോട് പറഞ്ഞ അതേമൊഴികളാണ് കസ്റ്റംസിനോടും ആവര്‍ത്തിച്ചത്. സ്വര്‍ണം പിടികൂടിയത് അറിഞ്ഞ് ബാഗേജ് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടത് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനാണ്. എന്നാല്‍, സ്വര്‍ണം പിടികൂടിയതോടെ ഇദ്ദേഹം കൈയൊഴിഞ്ഞു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ഇദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നുവെന്നും സ്വപ്ന കസ്റ്റംസിനോട് പറഞ്ഞു.
സ്വപ്നയെ എറണാകുളം കാക്കാനാട്ടെ ജില്ലാ ജയിലിലെ വനിത സെല്ലിലേക്കാണ് മാറ്റിയത്. റിമാന്‍ഡിലായ പി.എസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ ബോസ്റ്റല്‍ സ്‌കൂളില്‍ 14 ദിവസം ക്വാറന്റൈനിലാക്കി. വെള്ളിയാഴ്ച എന്‍.ഐ.എ കോടതിയുടെ അനുമതിയോടെ മൂന്ന് പേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം സ്വര്‍ണക്കടത്തില്‍ മുന്‍ ഐ.ടി. സെക്രട്ടറി ശിവങ്കറിന്റെ പങ്ക് തള്ളിക്കളയാന്‍ പറ്റില്ലെന്ന് നിലപാടിലുറച്ച് കസ്റ്റംസ്.
സ്വപ്ന സുരേഷ്, ശിവശങ്കറിന്റെ പേര് വെളിപ്പെടുത്തിയെങ്കിലും അതില്‍ സൗഹൃദം മാത്രമെന്നാണ് പറഞ്ഞിരിക്കുന്നത്. പിടിയിലുള്ളവരുടെ മൊഴികളുമായി ശിവശങ്കറിന്റെ മൊഴികള്‍ ഒത്തുനോക്കുകയാണ് കസ്റ്റംസ്. അപാകതകള്‍ ഉണ്ടെങ്കില്‍ വീണ്ടും ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ശിവശങ്കര്‍ നാളെ കൊച്ചിയിലെത്തി ദേശീയ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ വീണ്ടും മൊഴി നല്‍കും.

pathram:
Related Post
Leave a Comment