കോവിഡിനെക്കാൾ ഭീതി സൃഷ്ടിക്കുന്ന വ്യാജ പ്രചാരണങ്ങൾ

കോവിഡ് വ്യാപനത്തെ തുടർന്നു തളർന്നു നിൽക്കുന്ന ജനങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വ്യാജ പ്രചാരണം കൂടുതൽ ഭീതിയിലാഴ്ത്തുന്നു. ആലുവയിൽ നിന്നുള്ള കോവിഡ് ബാധിതരിൽ കാണുന്ന വൈറസ് ശക്തിയേറിയതും പെട്ടെന്നു വ്യാപിക്കുന്നതുമാണെന്ന ഔദ്യോഗിക അറിയിപ്പും ആശങ്കയുണ്ടാക്കി. ഇതു ശരിയല്ലെന്നും അങ്ങനെയൊരു പഠനം നടന്നിട്ടില്ലെന്നും മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്.

സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതർ ആലുവ നഗര സഭയിലാണെന്നാണു മറ്റൊരു പ്രചാരണം. എന്നാൽ, ആലുവ ക്ലസ്റ്ററിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ തന്നെ നഗരസഭയിൽ ഉള്ളതിന്റെ അഞ്ചിരട്ടി പേർ ചികിത്സയിൽ ഉണ്ടെന്നതാണു യാഥാർഥ്യം. ഇതു മനപൂർവം മറച്ചുവച്ചു നഗരസഭാ അധികൃതരെ താറടിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നതായും പറയുന്നു. കീഴ്മാട് പഞ്ചായത്തിൽ ഭിന്നശേഷിക്കാരായ ദമ്പതികളുടെ മകളുടെ വളയിടൽ ചടങ്ങിൽ പങ്കെടുത്ത നൂറോളം പേർക്കു കോവിഡ് ബാധിച്ചുവെന്ന ആരോപണം ശരിയല്ലെന്നു വീട്ടുകാർ അറിയിച്ചു.

കുടുംബത്തിലെ 12 പേരും ബന്ധുക്കളും അടക്കം 16 പേർ മാത്രമാണു കോവിഡ് പോസിറ്റീവ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കേസുകളെല്ലാം ഇവരുടെ കണക്കിൽപ്പെടുത്തിയെന്നാണ് ആരോപണം. ചടങ്ങിൽ പങ്കെടുത്ത 88 പേർക്കെതിരെ പൊലീസ് കേസുണ്ട്. തോട്ടയ്ക്കാട്ടുകരയിൽ പനി ബാധിച്ചു മരിച്ച വയോധികയെ ശുശ്രൂഷിച്ചവരും മരണാനന്തര കർമങ്ങൾ നിർവഹിച്ചവരും ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവായെന്നു വാർഡ് കൗൺസിലർ പി.എം. മൂസക്കുട്ടി അറിയിച്ചു. വയോധികയുടെ കോവിഡ് പോസിറ്റീവായിരുന്ന 2 മക്കൾ ചികിത്സയ്ക്കു ശേഷം ഫലം നെഗറ്റീവായതിനെ തുടർന്നു വീട്ടിൽ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ആലുവ–പറവൂർ റോഡിൽ യുസി കോളജിനു സമീപം 2 പീരങ്കികളുമായി സൈനികർ റോഡ് തടഞ്ഞിരിക്കുന്ന വ്യാജ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതു പുറത്തുള്ളവരിൽ ആലുവയെക്കുറിച്ച് അനാവശ്യ ഭീതി ഉളവാക്കും. കർഫ്യൂവുമായി ബന്ധപ്പെട്ടു വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്നു പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.

Follow us on pathram online

pathram desk 2:
Related Post
Leave a Comment