നിയന്ത്രണങ്ങള്‍ നീക്കാന്‍ പറയുന്നവര്‍ ആളുകള്‍ മരിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ..?

മുംബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തിടുക്കം വേണ്ടെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പശ്ചാത്യനാടുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയതോടെ ഉണ്ടായ പ്രതിസന്ധികളെചൂണ്ടിക്കാട്ടിയാണ് തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. സാമ്‌നയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ലോക്ഡൗണുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകളെകുറിച്ച് ഉദ്ധവ് സംസാരിച്ചത്.

‘ഇത് കോവിഡ് 19-നെതിരായ യുദ്ധമാണ്. ഏതെല്ലാം രാജ്യങ്ങളില്‍ കോവിഡ് 19 ലോക്ഡൗണില്‍ ഇളവ് നല്‍കിയിട്ടുണ്ടോ അവരെല്ലാം വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയെപ്പോലെ. സമ്പദ്ഘടന തകര്‍ച്ചയിലാണെന്നും ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നുമാണ് ചിലര്‍ പറയുന്നത്. ഞാനും അത് സമ്മതിക്കുന്നു. എന്നാല്‍ നിരവധി പേര്‍ക്ക് വൈറസ്ബാധയുണ്ടാകുകയും മരിക്കുകയും ചെയ്താല്‍ അവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? സമ്പദ്ഘടനയ്ക്ക് വേണ്ടി നിങ്ങള്‍ ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കുമോ?’- അഭിമുഖത്തില്‍ ഉദ്ധവ് പറഞ്ഞു.

തുറക്കല്‍ വളരെ പതുക്കെ മതിയെന്നാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്കറിയാം ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന്. പക്ഷേ എല്ലാം ഒറ്റയടിക്ക് തുറക്കാന്‍ എനിക്കാവില്ല. ഇതിനെ ഒരു മഹാമാരിയെന്നാണ് നാം വിളിക്കുന്നത്. കാരണം ആര്‍ക്കും തിടുക്കത്തില്‍ ഇതിന് തടയിടാനാവില്ല.’ അദ്ദേഹം പറഞ്ഞു. ആരാധാനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് ദൈവം നമുക്കിള്ളിലാണെന്നാണ് ഉദ്ധവ് മറുപടി നല്‍കിയത്.

‘മുംബൈയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് സംബന്ധിച്ച് വളരെ നേരത്തേ ഒരു അഭിപ്രായ പ്രകടനം നടത്താന്‍ ആവില്ലെന്നും താക്കറെ വ്യക്തമാക്കി. ധാരാവിയിലെ പ്രതിരോധനടപടികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മഹാമാരിയോടുളള സംസ്ഥാനത്തിന്റെ പ്രതികരണത്തെയും അദ്ദേഹം അഭിനന്ദിച്ചു. മഹാരാഷ്ട്ര സൈന്യത്തിന്റെ സഹായം തേടിയില്ല. താല്ക്കാലിക ആശുപത്രികളും ആരോഗ്യസൗകര്യങ്ങളും ഒരുക്കാന്‍ സാധിച്ചു. മീറ്റിങ്ങുകള്‍ നടത്തുകയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. എന്റെ സര്‍ക്കാരിനെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. ചൈനയിലെ പോലെ 15-20 ദിവസങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ ആശുപത്രികള്‍ നിര്‍മിച്ചത്. ജനങ്ങള്‍ എന്നെ വിശ്വസിക്കുന്നു എന്നോടൊപ്പം സഹകരിക്കുന്നു എന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. അതാണ് എനിക്ക് കരുത്ത് പകരുന്നത്.’ -ഉദ്ധവ് പറയുന്നു.

FOLLOW US: pathram online latest news

pathram:
Leave a Comment