സംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍പ്ലാന്‍

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുകയാണ്. അതിര്‍ത്തികടന്ന് വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കേസുകള്‍ വര്‍ധിച്ച് സന്നിഗ്ധ ഘട്ടം വന്നാല്‍ ഒപ്പം നിര്‍ത്താനായി സ്വകാര്യ ആശുപത്രികളുമായും ആശുപത്രി സംഘടനകളുമായും ചര്‍ച്ച നടത്തി. ഇതുകൂടാതെ ചികിത്സാ ചെലവ് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. 1129 സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ 200ഓളം ആശുപത്രികള്‍ സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ സിഎഫ്എല്‍ടിസികളിലും ഇവരുടെ സേവനം ഉപയോഗിക്കും. ജില്ലാതലത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനം എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 1:
Leave a Comment