സ്വർണക്കടത്ത് കേസിൽ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും; സിസിടിവി പരിശോധിക്കണമെന്ന് എൻഐഎ

സ്വർണക്കടത്ത് കേസിൽ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീങ്ങുന്നു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ പൊതുഭരണവകുപ്പിനു കത്തു നൽകി. വിവിധ സിസിടിവികളിലെ മേയ്, ജൂൺ, ജൂലൈ മാസത്തെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്.

സെക്രട്ടേറിയറ്റിലെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം ഹൗസ് കീപ്പിങ് വിഭാഗത്തിലെ അഡി.സെക്രട്ടറിയോട് വിവരങ്ങൾ ആരാഞ്ഞു. സിസിടിവി ക്യാമറകളുടെ പ്രവർത്തനവും സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളുമെല്ലാം സംഘം ചോദിച്ചറിഞ്ഞു. സെക്രട്ടേറിയറ്റിലെ സിസിടിവികളുടെ പരിപാലന ചുമതല ഹൗസ് കീപ്പിങ് വിഭാഗത്തിനാണ്.

സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കായി നൽകാമെന്ന നിലപാടിലാണു സർക്കാർ. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവർ നിരവധി തവണ സെക്രട്ടേറിയറ്റിലെത്തിയതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായിരുന്നു. സ്വപ്ന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കാണ് സന്ദർശനമെന്ന് പറയാം.

എന്നാൽ മറ്റുള്ള പ്രതികൾ എത്തിയോ എന്നറിയുകയാണു പരിശോധനയുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലാണു മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെയും ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഈ സ്ഥലത്തെ സിസിടിവികളുടെ ദൃശ്യങ്ങളും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment