സ്വര്‍ണക്കടത്ത് കേസ്: അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം വിവാദത്തില്‍

കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മുറുകുന്നതിനിടെ കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവ് വിവാദമായി. എന്നാല്‍ സാധാരണയുണ്ടാകാറുള്ള സ്ഥലം മാറ്റ ഉത്തരവ് മാത്രമാണ് ഇതെന്നാണ് വിശദീകരണം. സ്വര്‍ണക്കടത്ത് കേസിനെയൊ അന്വേഷണത്തെയൊ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്നും കസ്റ്റംസ് കമ്മിഷണര്‍ ഓഫിസില്‍ നിന്നു വ്യക്തമാക്കുന്നു. പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍, സൂപ്രണ്ട്, എക്‌സാമിനര്‍ തലങ്ങളിലുള്ള 78 പേര്‍ക്കാണ് സ്ഥലം മാറ്റം.

പക്ഷെ കേസ് അന്വേഷണത്തില്‍ നേരിട്ടല്ലാതെ ഉത്തരവാദിത്തമുള്ള രണ്ടു പേര്‍ മാത്രമാണ് പട്ടികയിലുള്ളത്. ഉത്തരവ് ചീഫ് കമ്മിഷണര്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായാണ് വിവരം. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ പ്രതികരണത്തിന് തയാറല്ലെന്ന നിലപാടിലാണ് കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറും. സ്ഥലം മാറ്റം നല്‍കിയവരില്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് സ്‌റ്റേറ്റ്‌മെന്റുകളും മറ്റും മൊഴിമാറ്റം നല്‍കി സഹായിക്കുന്നതിന് ഡപ്യൂട്ടഷനില്‍ നിയോഗിക്കപ്പെട്ട രണ്ടു പേര്‍ മാത്രമാണുള്ളത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാന ചുമതലകള്‍ ഉള്ളത്.

ഇവരെ സഹായിക്കുന്നതിനായി 40 ഉദ്യോഗസ്ഥരുടെ സംഘവുമുണ്ട്. ഇതില്‍ പലരും കസ്റ്റംസിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് ഡപ്യൂട്ടേഷനിലും മറ്റും നിയോഗിക്കപ്പെട്ടവരാണ്. ഇതില്‍ രണ്ടു പേര്‍ക്കാണ് സ്ഥലം മാറ്റം. ഡെപ്യൂട്ടേഷന്‍ എത്തിയ ഇവര്‍ക്ക് നേരത്തേ തന്നെ തീരുമാനിച്ച പ്രകാരമാണ് മാറ്റങ്ങളുണ്ടാകുക. ഇത്തരത്തിലുള്ള സാധാരണമായ സ്ഥലം മാറ്റം മാത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും വിശദീകരിക്കുന്നു. അതേ സമയം തന്റെ കടുത്ത പരിശ്രമത്തില്‍ പുറത്തു കൊണ്ടു വന്ന സ്വര്‍ണക്കടത്ത് കേസിന്റെ അന്വഷണത്തിനിടെ ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടായത് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറെ ചൊടിപ്പിച്ചിട്ടുണ്ട്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ മാറ്റും മുന്‍പ് അറിയിച്ചില്ല എന്നതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.

അതുകൊണ്ടു തന്നെ സ്ഥലം മാറ്റത്തിനെതിരെ തന്റെ പ്രതിഷേധം കസ്റ്റംസ് കേരള സോണ്‍ ചീഫ് കമ്മിഷണറെ അറിയിച്ചതായാണു വിവരം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചീഫ് കമ്മിഷണറുമായി ബന്ധപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കമ്മിഷണറേറ്റ് ഓഫ് കസ്റ്റംസ് പ്രിവന്റീവിനു പുറത്തുള്ള സ്ഥലം മാറ്റത്തിന്റെ ചുമതല അദ്ദേഹത്തിനാണെന്നും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ മനോമ ഓണ്‍ലൈനോടു പറഞ്ഞു. വസ്തുതകള്‍ക്കു നിരക്കാത്ത വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് ഇനി പ്രസ്താവനയ്ക്ക് ഇല്ലെന്ന് കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മൊഹമ്മദ് യൂസഫ് പറഞ്ഞു.

follow us pathramonline

pathram:
Related Post
Leave a Comment