സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍: തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: ഈ മാസം 27ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഗവര്‍ണറെ അറിയിക്കും. ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സാക്കി കൊണ്ടുവരാനും മന്ത്രസഭാ യോഗം തീരുമാനിച്ചു.

നിയമസഭ ചേരാനിരുന്ന തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സായി പാസാക്കും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലും തിങ്കളാഴ്ച തീരുമാനമെടുക്കും. ഇപ്പോള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായം.

നിലവിലെ സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ കേരളത്തിലുണ്ടെന്ന് മന്ത്രിമാര്‍ അവകാശപ്പെട്ടു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന പ്രായോഗികതയും വിശദമായി ചര്‍ച്ച ചെയ്യേണ്ടി വരുമെന്നും മന്ത്രിസഭാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ടോടെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ അടക്കമുള്ള വിഷയങ്ങളും ഈ യോഗത്തില്‍ ചര്‍ച്ചയാകും. ഇതുകൂടി പരിഗണിച്ചാകും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

അതേ സമയം സഭാ സമ്മേളനം ഒഴിവാക്കുന്നതിനോട് പ്രതിപക്ഷം എതിര്‍പ്പറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കെ അതില്‍നിന്ന് രക്ഷപ്പെടാനാണ് 27ന് നിശ്ചയിച്ചസമ്മേളനം ഒഴിവാക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment