സെറീന ഷാജിയിലൂടെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; 25 കിലോ അല്ല, കടത്തിയത് 705 കിലോ സ്വര്‍ണം

സ്വർണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ‘ഗോൾഡ് സിൻഡിക്കറ്റ്’ പ്രവർത്തിച്ചതായി സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ റവന്യു ഇന്റലിജൻസ് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായിരുന്ന കസ്റ്റംസ് സൂപ്രണ്ട് എസ്.പി. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വർണം കടത്തിയതായും ഒരു വർഷം നീണ്ട അന്വേഷണത്തിലൂടെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) കണ്ടെത്തി. 25 കിലോഗ്രാം സ്വർണമാണു കടത്തിയതെന്നായിരുന്നു മുൻപ് ലഭിച്ച വിവരം.

ദുബായിൽ ബ്യൂട്ടി സലൂൺ നടത്തുന്ന സെറീന ഷാജിയും കൂട്ടാളിയും കടത്തിയ സ്വർണം കഴിഞ്ഞ മേയിൽ പിടിക്കപ്പെട്ടതോടെയാണ് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനുള്ള പങ്ക് ആദ്യമായി പുറത്തുവന്നത്. സെറീനയിൽ നിന്നാണു ഇതുമായി ബന്ധപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയുടെ വിവരങ്ങൾ ഡിആർഐക്കു ലഭിച്ചത്. ഇതെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിയ ഡിആർഐ അത് നദീം എന്നയാളാണെന്നു സ്ഥിരീകരിച്ചു.

കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണൻ കള്ളക്കടത്ത് തടയൽ നിയമപ്രകാരം (കൊഫെപോസ) ഇപ്പോൾ കരുതൽ തടങ്കലിലാണ്. 2019 ജനുവരി– മേയ് കാലയളവിലാണ് രാധാകൃഷ്ണന്റെ ഒത്താശയോടെ വൻതോതിൽ സ്വർണം കടത്തിയത്. രാധാകൃഷ്ണന്റെ മൊഴിയിൽ നിന്ന് തിരുവനന്തപുരത്തെ ‘ഗോൾഡ് സിൻഡിക്കറ്റിനെ’ കുറിച്ചുള്ള ആദ്യ സൂചന ലഭിച്ചിരുന്നു. ഇതോടെയാണു നയതന്ത്ര പാഴ്സൽ അടക്കമുള്ള പുതിയ പരീക്ഷണങ്ങളിലേക്കു റാക്കറ്റ് കടന്നതെന്നാണു നിഗമനം.

ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന കടത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്വർണം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഇപ്പോൾ അറസ്റ്റിലായ പ്രതികളിലൊരാളും മൊഴി നൽകിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ പാഴ്സലിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുസ്സലാമിനു മുൻകാല സ്വർണക്കടത്തുകളിലും പങ്കുള്ളതായി സ്ഥിരീകരിച്ചു. ഡിആർഐ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തി‍ൽ എൻഐഎ ഇയാളെ ചോദ്യം ചെയ്യും.

follow us: pathram online

pathram:
Leave a Comment