തിരുവനന്തപുരം:സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനിൽക്കേ കസ്റ്റംസ് അന്വേഷണസംഘത്തിലെ 8 പേർക്ക് സ്ഥലംമാറ്റം . 6 സൂപ്രണ്ട് മാരെയും 2 ഇൻസ്പെക്ടർമാരെയുമാണ് സ്ഥലം മാറ്റുന്നത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം.
കൊച്ചി കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചന. ഈ നീക്കത്തിൽ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിർപ്പറിയിച്ചു.
ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മിഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യംചെയ്താണ് സുമിത് കുമാർ ഉന്നതങ്ങളിലേക്ക് എതിർപ്പറിയിച്ചത്. തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു, എന്നാൽ, പിൻവലിച്ചിട്ടില്ല.
തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവിനു പിന്നിൽ സ്ഥാപിത താത്പര്യവും രാഷ്ട്രീയ ഇടപെടലുമുണ്ടെന്നാണു സൂചന. കഴിഞ്ഞദിവസം കോഴിക്കോട് ഓഫീസിൽ സമാനമായ ഉത്തരവിറക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. എന്നാൽ, ഉന്നത ഇടപെടലിനെപ്പോലും അവഗണിച്ചാണ് ബുധനാഴ്ച പുതിയ ഉത്തരവിറക്കിയത്. സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റു യൂണിറ്റുകളിലേക്കും ഡിപ്പാർട്ട്മെന്റിലേക്കുമാണ് മാറ്റിയത്.
Leave a Comment