മുഖ്യമന്ത്രിയുമായി 18 വര്‍ഷമായി പരിചയമുണ്ട്; പിണറായി ഉപയോഗിച്ചിരുന്ന കാര്‍ വില്‍പനയ്ക്ക് വച്ചപ്പോഴാണ് വാങ്ങിയത്; കിരണ്‍

ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളം വിടാൻ സഹായിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വ്യവസായി കിരണ്‍ മാര്‍ഷല്‍.സ്വർണക്കടത്ത് കേസിലെ പ്രതികളുമായി പരിചയമില്ല. അവരെ സഹായിച്ചിട്ടുമില്ല. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും കിരൺ പറഞ്ഞു.

പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കാർ വിൽപനയ്ക്ക് വച്ചപ്പോഴാണ് വാങ്ങിയത്. അദ്ദേഹത്തിന്റെ കാറിനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ ചെയ്തത്. താൻ പുതിയ കാര്‍ വാങ്ങിയപ്പോള്‍ ആ കാര്‍ വിറ്റെന്നും കിരൺ പറഞ്ഞു.

മുഖ്യമന്ത്രിയുമായി 18 വര്‍ഷമായി പരിചയമുണ്ട്. ഭരണ തലത്തിലുള്ള പലരുമായും ആത്മബന്ധമുണ്ട്. ഇടതുപക്ഷ കുടുംബമായതിനാൽ തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ വീട്ടില്‍ വരാറുണ്ട്. അതുകൊണ്ടാവും ഇത്തരത്തില്‍ ആരോപണം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളൊന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ പേരെടുത്ത് പറഞ്ഞതിനാലാണ് പ്രതികരണവുമായി രംഗത്തെത്തിയതെന്നും ആലോചിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും കിരണ്‍ അറിയിച്ചു.

അതേസമയം തിരുവനന്തപുരത്തുനിന്ന് കടന്ന സ്വപ്‌ന രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് സ്വദേശി കിരണിന്റെ വീട്ടിലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആലപ്പുഴയിലെ സി.പി.എം നേതാക്കളുമായും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് കിരണ്‍ എന്നും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ഉപയോഗിച്ച ഇന്നോവ കാറാണ് കിരണ്‍ ഉപയോഗിക്കുന്നതെന്നും ‘ജനം ടിവി’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പി നേതാവ് വി.വി രാജേഷ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് ‘കിരണിനെ’ തേടി മാധ്യമങ്ങള്‍ ഇറങ്ങിയത്. ‘പാര്‍ട്ടിക്കു മുകളിലുടെ പറക്കുന്ന ‘കിരണ്‍?’ എന്ന തലക്കെട്ടിലായിരുന്നു രാജേഷിന്റെ പോസ്റ്റ്. അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് കേരള പോലീസിന്റെ സഹായത്തോടെ സ്വപ്നയെ സ്വന്തം വീട്ടില്‍ രണ്ടു ദിവസം താമസിപ്പിച്ച ശേഷം ബംഗലൂരുവിലെത്തിച്ചു. സ്വപ്‌നയ്ക്ക് രക്ഷപ്പെടാന്‍ ‘െകാവിഡ്’ േരാഗികള്‍ ഇല്ലാതിരുന്നിട്ടും തുറവൂര്‍, എരമല്ലൂര്‍, ചെല്ലാനം, എഴുപുന്ന ഭാഗങ്ങില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിപ്പിച്ചു. ഇന്ന് അധികാരത്തിലിരിക്കുന്ന ‘ഉന്നതന്‍’ പാര്‍ട്ടി നേതാവായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാറാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. ഇയാളുടെ പേരു പറയാന്‍ തന്നെ പലര്‍ക്കും ഭയമാണ്. കേരളം നമ്പര്‍ വണ്‍? – എന്നാണ് പോസ്റ്റ്.

ഈ മാസം ഏഴിന് രാത്രി സ്വപ്‌നയും കുടുംബവും കിരണിന്റെ വീട്ടില്‍ വന്നുവെന്നും ജില്ലയിലെ ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഓഫീസറും ഹൈക്കോടതിയിലെ അഭിഭാഷകര്‍ അടക്കമുള്ളവരും ഈ വീട്ടില്‍ വന്നിരുന്നുവെന്നും മാധ്യമങ്ങള്‍ക്ക് അയച്ചുനല്‍കിയ സ്വപ്‌നയുടെ ശബ്ദ സന്ദേശം തയ്യാറാക്കിയത് ഇവിടെ വച്ചാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്ഡൗണ്‍ പരിശോധനകള്‍ക്ക് എന്ന പേരിലാണ് പോലീസ് ഓഫീസര്‍ വീട്ടില്‍ വന്നത്. സ്വപ്‌നയ്ക്കു രക്ഷപ്പെടാന്‍ കടന്നുപോകുന്ന മേഖലകളില്‍ പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ പെടാതിരിക്കാന്‍ ചെല്ലാനം വഴിയാണ് സ്വപ്‌ന എറണാകുളത്തേക്കും അവിടെ നിന്ന് ബംഗലൂരുവിലേക്കും കടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വപ്‌ന ഒരു ബാഗ് കിരണിന്റെ വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്ന ബംഗലൂരുവില്‍ എത്തിയാല്‍ എവിടെയാണ് താമസിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സന്ദേശം മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ളയാള്‍ കിരണിന്റെ ഫോണിലേക്ക് അയച്ചിരുന്നുവെന്നും ഇവരുടെ ഓഫീസില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള ഹോട്ടലിലാണ് സ്വപ്‌നയും കുടുംബവും താമസിച്ചിരുന്നതെന്നും കിരണിന്റെ തുറവൂരിലെ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതു തന്നെ മുഖ്യമന്ത്രിയുടെ കുടുംബാംഗമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിക്ക് ആലപ്പുഴയിലെ സി.പി.എം നേതാക്കളിലും പ്രവര്‍ത്തകരിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ വിശ്വാസം കിരണ്‍ മാര്‍ഷലിനെയാണ്. അരൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയില്‍ എത്തിയ മുഖ്യമന്ത്രി കിരണിന്റെ വീട്ടിലാണ് വിശ്രമിച്ചിരുന്നതെന്നും ചാനല്‍ പറയുന്നു. ജില്ലയിലെ സി.പി.എം നേതാക്കളുടെ ഇഷ്ടതോഴനാണ് കിരണ്‍. മറ്റു ജില്ലകളില്‍ നിന്നെത്തുന്ന സി.പി.എം നേതാക്കള്‍ ഭക്ഷണത്തിന് ആശ്രയിക്കുന്നത് കിരണിന്റെ ഹോട്ടല്‍ ആണെന്നും ഇവിടുത്തെ മത്സ്യവിഭവങ്ങള്‍ താത്വികാചാര്യന്മാര്‍ അടക്കം പലരുടെയും ഇഷ്ടപ്പെട്ട വിഭവങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നൂ. കാറ്ററിംഗ് ബിസിനസും പണമിടപാടുകളും കിരണിനുണ്ട്.

കിരണിന്റെ വീട്ടിലെ ഒരു ചടങ്ങില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നുവെന്നും സൂചനയുണ്ട്. ചേര്‍ത്തലയില്‍ ബിസിനസുകാരന്‍ എന്നറിയപ്പെടുന്ന കിരണ്‍ മാര്‍ഷലിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയും സംശയ നിഴലിലാണ്. ചേര്‍ത്തലയില്‍ അടുത്തകാലത്ത് ആരംഭിച്ച റൈഫിള്‍ ക്ലബിന്റെ സെക്രട്ടറിയാണ് കിരണ്‍ മാര്‍ഷല്‍. ഈ ക്ലബിന്റെ ഉദ്ഘാടന വേളയില്‍ മന്ത്രിസഭയിലെ പ്രമുഖര്‍ എത്തിയിരുന്നു. ഒരു പ്രമുഖ താരം ഈ ക്ലബ് സന്ദര്‍ശിച്ചിരുന്നുവെന്നൂം റിപ്പോര്‍ട്ടുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment