സ്വപ്നയെ രക്ഷിക്കാന്‍ മുന്‍ ഡിജിപിയും ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും നിരന്തരം ഇടപെട്ടു

സ്വപ്‌ന പ്രതിയായ ക്രൈംബ്രാഞ്ച് കേസില്‍ മുന്‍ ഡിജിപിയും ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും നിരന്തരം ഇടപെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തല്‍. എയര്‍ ഇന്ത്യ സാറ്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചത് ക്രൈംബ്രാഞ്ചായിരുന്നു. ഈ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴായിരുന്നു ഡിജിപിയും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ നിരന്തരം വിളിച്ചത്.

എയര്‍ ഇന്ത്യ സാറ്റ്‌സിലെ അഴിമതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും വിജിലന്‍സ് കമ്മീഷനും പരാതി നല്‍ിയതിന് ഓഫീസര്‍ സംഘടനാ നേതാവായ എല്‍ എസ് ഷിബുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ സ്വപ്‌ന ഗൂഡാലോചന നടത്തി. ഷിബു പോലീസില്‍ പരാതി നല്‍കിയെങ്കിലൂം അന്വേഷണം സ്വപ്‌നയ്ക്ക് അനുകൂലമായിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്. 16 വനിതാ ജീവനക്കാര്‍ക്ക് എതിരേയും സ്വപ്‌ന വ്യാജപരാതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സിലെ നിയമനങ്ങളും എന്‍ഐഎ പരിശോധിക്കും.

നേരത്തേ കേസില്‍ സ്വപ്‌നയ്‌ക്കെതിരേ ആരോപണം ഉന്നയിച്ച് ഷിബുവിന്റെ ഭാര്യ രംഗത്ത് വന്നിരുന്നു. കേസില്‍ ഷിബു കുറ്റക്കാരന്‍ അല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. എയര്‍ഇന്ത്യ സാറ്റ്‌സില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ നിയമിച്ചത് ഷിബു എതിര്‍ത്തതോടെയാണ് സ്വപ്‌നാ സുരേഷ് ഷിബുവിനെ കുടുക്കാന്‍ 17 പെണ്‍കുട്ടികളുടെ വ്യാജ ഒപ്പിട്ട് കള്ളപ്പരാതി എയര്‍ ഇന്ത്യയ്ക്ക് അയച്ചത്. കേസില്‍ മറ്റൊരു പെണ്‍കുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാക്കി തെറ്റായി മൊഴി കൊടുത്തെന്നും കണ്ടെത്തി. പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്‌നയാണെന്നും കണ്ടെത്തിയിരുന്നു.

സ്വപ്‌നയുടെ വ്യാജ പരാതിയില്‍ നടന്ന ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഡിബു ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്. 2015 ജനുവരിയിലായിരുന്നു 17 വനിതാ ജീവനക്കാരികളുടെ പേരില്‍ കള്ളയൊപ്പ് ചാര്‍ത്തി സ്വപ്‌നാസുരേഷ് ഷിബുവിനെതിരേ തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കേസില്‍ ഷിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുകയും ചെയ്തതോടെയാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് വന്നത്.

FOLLOW US: pathram online

pathram:
Leave a Comment