സ്വപ്നയെ ഒളിവില്‍ താമസിപ്പിച്ച കിരണ്‍ ആര്..? മുഖ്യമന്ത്രിക്ക് ആലപ്പുഴയിലെ സി.പി.എം നേതാക്കളേക്കാള്‍ വിശ്വാസം; തെരഞ്ഞെടുപ്പ് കാലത്ത് വിശ്രമിക്കാന്‍ കിരണിന്റെ വീട്ടിലെത്തി..?

സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഒളിവ് ജീവിതം വിവാദത്തില്‍. തിരുവനന്തപുരത്തുനിന്ന് കടന്ന സ്വപ്‌ന രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് സ്വദേശി കിരണ്‍ മാര്‍ഷല്‍ എന്നയാളുടെ വീട്ടിലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴയിലെ സി.പി.എം നേതാക്കളുമായും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് കിരണ്‍ എന്നും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ഉപയോഗിച്ച ഇന്നോവ കാറാണ് കിരണ്‍ ഉപയോഗിക്കുന്നതെന്നും ‘ജനം ടിവി’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പി നേതാവ് വി.വി രാജേഷ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് ‘കിരണിനെ’ തേടി മാധ്യമങ്ങള്‍ ഇറങ്ങിയത്. ‘പാര്‍ട്ടിക്കു മുകളിലുടെ പറക്കുന്ന ‘കിരണ്‍?’ എന്ന തലക്കെട്ടിലായിരുന്നു രാജേഷിന്റെ പോസ്റ്റ്. അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് കേരള പോലീസിന്റെ സഹായത്തോടെ സ്വപ്നയെ സ്വന്തം വീട്ടില്‍ രണ്ടു ദിവസം താമസിപ്പിച്ച ശേഷം ബംഗലൂരുവിലെത്തിച്ചു. സ്വപ്‌നയ്ക്ക് രക്ഷപ്പെടാന്‍ ‘െകാവിഡ്’ േരാഗികള്‍ ഇല്ലാതിരുന്നിട്ടും തുറവൂര്‍, എരമല്ലൂര്‍, ചെല്ലാനം, എഴുപുന്ന ഭാഗങ്ങില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിപ്പിച്ചു. ഇന്ന് അധികാരത്തിലിരിക്കുന്ന ‘ഉന്നതന്‍’ പാര്‍ട്ടി നേതാവായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാറാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. ഇയാളുടെ പേരു പറയാന്‍ തന്നെ പലര്‍ക്കും ഭയമാണ്. കേരളം നമ്പര്‍ വണ്‍? – എന്നാണ് പോസ്റ്റ്.

ഈ മാസം ഏഴിന് രാത്രി സ്വപ്‌നയും കുടുംബവും കിരണിന്റെ വീട്ടില്‍ വന്നുവെന്നും ജില്ലയിലെ ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഓഫീസറും ഹൈക്കോടതിയിലെ അഭിഭാഷകര്‍ അടക്കമുള്ളവരും ഈ വീട്ടില്‍ വന്നിരുന്നുവെന്നും മാധ്യമങ്ങള്‍ക്ക് അയച്ചുനല്‍കിയ സ്വപ്‌നയുടെ ശബ്ദ സന്ദേശം തയ്യാറാക്കിയത് ഇവിടെ വച്ചാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്ഡൗണ്‍ പരിശോധനകള്‍ക്ക് എന്ന പേരിലാണ് പോലീസ് ഓഫീസര്‍ വീട്ടില്‍ വന്നത്. സ്വപ്‌നയ്ക്കു രക്ഷപ്പെടാന്‍ കടന്നുപോകുന്ന മേഖലകളില്‍ പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ പെടാതിരിക്കാന്‍ ചെല്ലാനം വഴിയാണ് സ്വപ്‌ന എറണാകുളത്തേക്കും അവിടെ നിന്ന് ബംഗലൂരുവിലേക്കും കടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വപ്‌ന ഒരു ബാഗ് കിരണിന്റെ വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്ന ബംഗലൂരുവില്‍ എത്തിയാല്‍ എവിടെയാണ് താമസിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സന്ദേശം മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ളയാള്‍ കിരണിന്റെ ഫോണിലേക്ക് അയച്ചിരുന്നുവെന്നും ഇവരുടെ ഓഫീസില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള ഹോട്ടലിലാണ് സ്വപ്‌നയും കുടുംബവും താമസിച്ചിരുന്നതെന്നും കിരണിന്റെ തുറവൂരിലെ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതു തന്നെ മുഖ്യമന്ത്രിയുടെ കുടുംബാംഗമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിക്ക് ആലപ്പുഴയിലെ സി.പി.എം നേതാക്കളിലും പ്രവര്‍ത്തകരിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ വിശ്വാസം കിരണ്‍ മാര്‍ഷലിനെയാണ്. അരൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയില്‍ എത്തിയ മുഖ്യമന്ത്രി കിരണിന്റെ വീട്ടിലാണ് വിശ്രമിച്ചിരുന്നതെന്നും ചാനല്‍ പറയുന്നു. ജില്ലയിലെ സി.പി.എം നേതാക്കളുടെ ഇഷ്ടതോഴനാണ് കിരണ്‍. മറ്റു ജില്ലകളില്‍ നിന്നെത്തുന്ന സി.പി.എം നേതാക്കള്‍ ഭക്ഷണത്തിന് ആശ്രയിക്കുന്നത് കിരണിന്റെ ഹോട്ടല്‍ ആണെന്നും ഇവിടുത്തെ മത്സ്യവിഭവങ്ങള്‍ താത്വികാചാര്യന്മാര്‍ അടക്കം പലരുടെയും ഇഷ്ടപ്പെട്ട വിഭവങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നൂ. കാറ്ററിംഗ് ബിസിനസും പണമിടപാടുകളും കിരണിനുണ്ട്.

കിരണിന്റെ വീട്ടിലെ ഒരു ചടങ്ങില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നുവെന്നും സൂചനയുണ്ട്. ചേര്‍ത്തലയില്‍ ബിസിനസുകാരന്‍ എന്നറിയപ്പെടുന്ന കിരണ്‍ മാര്‍ഷലിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയും സംശയ നിഴലിലാണ്. ചേര്‍ത്തലയില്‍ അടുത്തകാലത്ത് ആരംഭിച്ച റൈഫിള്‍ ക്ലബിന്റെ സെക്രട്ടറിയാണ് കിരണ്‍ മാര്‍ഷല്‍. ഈ ക്ലബിന്റെ ഉദ്ഘാടന വേളയില്‍ മന്ത്രിസഭയിലെ പ്രമുഖര്‍ എത്തിയിരുന്നു. ഒരു പ്രമുഖ താരം ഈ ക്ലബ് സന്ദര്‍ശിച്ചിരുന്നുവെന്നൂം റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ സ്വപ്‌നയെ അറിയില്ലെന്നും വീട്ടില്‍ വന്നിട്ടില്ലെന്നുമാണ് കിരണ്‍ മാര്‍ഷല്‍ ചാനലിനോട് പ്രതികരിച്ചത്. തനിക്ക ഒരു പരിചയം പോലുമില്ലാത്തവരെ കുറിച്ച വാര്‍ത്ത നല്‍കിയതില്‍ നിയമ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായി തനിക്ക് ആത്മബന്ധമുണ്ട്. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണ്. എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ പ്രതികളുണ്ടല്ലോ. അവര്‍ക്ക് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ടാവുമല്ലോ? ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും കിരണ്‍ മാര്‍ഷല്‍ മാധ്യമങ്ങളോട് പറഞ്ഞു.

FOLLOW US: pathram onlilne latest news

pathram:
Related Post
Leave a Comment