‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ വിദ്യാര്‍ഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാര്‍ഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ അധികൃതര്‍. മണക്കാട് സ്വദേശിയായ രക്ഷിതാവ് എത്തിയത് വഴുതക്കാട്ടെ പരീക്ഷ സെന്ററിലാണ്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന തലസ്ഥാനത്ത് ഉള്‍പ്പെടെ ഇത്രയേറെ കുട്ടികള്‍ പങ്കെടുക്കുന്ന എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിവിധ കേന്ദ്രങ്ങളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണു പരീക്ഷ നടത്തുന്നതെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.

പരീക്ഷ വിജയകരമായി നടത്തിയെന്നു മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗത്തില്‍ ചീഫ് സെക്രട്ടറി അവകാശപ്പെട്ടിരുന്നു. പരീക്ഷാ നടത്തിപ്പ് വിജയമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പറഞ്ഞു. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അധികൃതര്‍ക്കു വീഴ്ച വന്നുവെന്നാണ് കോവിഡ് പോസിറ്റീവ് കേസുകള്‍ തെളിയിക്കുന്നത്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ഥിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഈ മാസം 16 നാണ് കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നടന്നത്. 1.10 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. രക്ഷിതാക്കളുടെ ആശങ്ക ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

കോവിഡ് അതിവേഗം വ്യാപിക്കുന്ന തിരുവനന്തപുരത്ത് പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ പാളി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും രക്ഷിതാക്കളും വിദ്യാര്‍ഥികളും കൂട്ടത്തോടെ എത്തിയതോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവതാളത്തിലായി. രാവിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ രക്ഷിതാക്കള്‍ കൂട്ടംകൂടി. ശാരീരിക അകലം പാലിക്കണമെന്നു പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും മിക്കവരും മുഖവിലയ്‌ക്കെടുത്തില്ല.

വൈകിട്ട് പരീക്ഷയ്ക്കുശേഷം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയപ്പോള്‍ നിയന്ത്രിക്കാനും പൊലീസിനു കഴിഞ്ഞില്ല. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളും കൂട്ടംകൂടിയപ്പോള്‍ നിയന്ത്രണങ്ങള്‍ നടപ്പിലായില്ല. പട്ടം സെന്റ് മേരീസ് എച്ച്എസ്എസില്‍ നിന്നും കൂട്ടത്തോടെയാണ് വിദ്യാര്‍ഥികള്‍ പുറത്തേക്കു വന്നത്. പൊലീസും ആരോഗ്യവകുപ്പും കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍, ചില കേന്ദ്രങ്ങളില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ചു.

pathram:
Related Post
Leave a Comment