സ്വപ്ന സംസ്ഥാനം വിടും മുന്‍പ് ആലപ്പുഴയിലെ ജ്വല്ലറി ഉടമയെ ഏല്‍പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗ് സരിത്തിന്റെ വീട്ടില്‍ ; 26 ലക്ഷം കാണാനില്ല

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും സംസ്ഥാനം വിടും മുന്‍പ് ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമയെ ഏല്‍പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗ് ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാഗിലെ 26 ലക്ഷം രൂപ കാണാതായി.

സരിത്തിന്റെ വീട്ടില്‍നിന്നു ബാഗ് കണ്ടെടുക്കുമ്പോള്‍ അതിലുണ്ടായിരുന്നത് 14 ലക്ഷം രൂപ മാത്രം. സ്വപ്നയും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമ. വാര്‍ത്താ ചാനലുകള്‍ക്കു കൈമാറാനുള്ള ശബ്ദരേഖയും സ്വപ്ന ഇയാളെയാണ് ഏല്‍പിച്ചതെന്നാണു സൂചന. അന്വേഷണ സംഘം ഇയാളുടെ മൊഴിയെടുക്കും.

സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ബാഗ് വീട്ടിലെത്തിയത്. സ്വര്‍ണക്കടത്തിനു പണം മുടക്കിയ ആരെങ്കിലും ബാഗ് സരിത്തിന്റെ വീട്ടില്‍ ഒളിപ്പിക്കും മുന്‍പ് തുക എടുത്തിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മക്കളെ ഇയാളുടെ വീട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണു സ്വപ്നയും കുടുംബവും വര്‍ക്കലയിലെ ഒളിത്താവളത്തില്‍ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാല്‍, മക്കള്‍ അവിടെ തങ്ങുന്നതു സുരക്ഷിതമല്ലെന്നറിയിച്ചു ഇവര്‍ക്കായി എറണാകുളത്തു ഹോട്ടല്‍ ബുക്ക് ചെയ്തു.

follow us pathramonline

pathram:
Related Post
Leave a Comment